സ്ത്രീകളുടെ ഹജ്ജ്
ഹജ്ജ് നിർബന്ധമാവുന്നതിന് മുമ്പ് പറഞ്ഞ നിബന്ധനകൾ ഒത്തുവരികയാണെങ്കിൽ പുരുഷൻമാർക്കെന്നപോലെ ഏറ്റക്കുറവൊന്നുമില്ലാതെ സ്ത്രീകൾക്കും ഹജ്ജ് നിർബന്ധമാവും. പക്ഷേ ഭർത്താവോ വിവാഹം നിഷിദ്ധമായി (ഫത്ഹിൽ ഹാഫിള് പറഞ്ഞു. വിവാഹം നിഷിദ്ധമായവർ’ എന്നതിനെ പണ്ഡിതന്മാർ അനുവദനീയമായ കാരണങ്ങൾ കൊണ്ട് ശാശ്വതമായും വിവാഹം നിഷിദ്ധമായവർ’ എന്ന് ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഭാര്യയുടെ സഹോദരി, അവരുടെ അമ്മായി, അറിയാതെ ലൈംഗിക ബന്ധത്തിലേർപ്പെട്ടുപോയ സ്ത്രീ, അവരുടെ മകൾ, പരസ്പരം ശാപം കൂറി അകന്നുപോയ സ്ത്രീ എന്നിവർ അതിൽ ഉൾപ്പെടുകയില്ല.) മറ്റാരെങ്കിലുമോ കൂടെയുണ്ടായിരിക്കണമെന്ന ഒരു നിബദ്ധന കൂടി സ്ത്രീകൾക് കൂടുതൽ ഉണ്ട്.
ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു. നബി (സ) പറയുന്നതായി ഞാൻ കേട്ടു. ഒരു സ്ത്രീയോടൊപ്പം ഒരു പുരുഷൻ ഒറ്റക്കാവാൻ പാടില്ല. അവളോടൊപ്പം വിവാഹം നിഷിദ്ധമായ ഒരാളുണ്ടായിരിക്കുമ്പോഴല്ലാതെ വിവാഹം നിഷിദ്ധമായ ഒരാളോടൊപ്പമല്ലാതെ ഒരു സ്ത്രീ യാത്ര ചെയ്യുവാൻ പാടില്ല. അപ്പോൾ ഒരാൾ എഴുന്നേറ്റു ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്റെ ഭാര്യ ഹജിനു പുറപ്പെട്ടിരിക്കയാണ്. ഞാനാണെങ്കിൽ ഇന്നിന്ന യുദ്ധങ്ങൾക്ക് പെർകൊടുക്കുകയും ചെയ്തിരിക്കുന്നു. തിരുമേനി പറഞ്ഞു: പോയി നിന്റെ ഭാര്യയോടൊപ്പം ഹജ്ജ് ചെയ്യുക. (ബുഖാരി, മുസ്ലിം) വാചകം മുസ്ലിമിന്റേതാണ്.
യഹ്യബ്നു ഇബാദിൽ നിന്നു നിവേദനം. അദ്ദേഹം പറഞ്ഞു: അഹ് ലുർറയി (ഇജ്തിഹാദിന് കൂടുതൽ പ്രാധാന്യം കല്പിച്ച ഇമാം അബൂഹനീഫയെപ്പോലെയുള്ളവർക്ക് എതിരാളികൾ നല്കിയ പേരാണ് ‘അഹ് ലുർറയ്യ് ‘ അഥവാ സ്വകിയാഭിപ്രായക്കാർ’ എന്ന്. അബൂഹനീഫയുടെ ഗുരുഭൂതരിൽ പ്രധാനിയാണ് ഇവിടെ പറയുന്ന ഇബ്രാഹീമുന്നഖഈ (വിവ.) ൽപ്പെട്ട ഒരു സ്ത്രീ ഇബ്രാഹീമുന്നഖഇക്ക് എഴുതി ഞാൻ ഇസ്ലാമിലെ നിർബന്ധ ഹജ്ജ് ചെയ്തിട്ടില്ല. എനിക്കാണെങ്കിൽ സാമ്പത്തിക ശേഷിയുണ്ട്. പക്ഷേ, എനിക്ക് വിവാഹം നിഷിദ്ധമായ ഒരാളുമില്ല. അദ്ദേഹം അവർക്ക് മറുപടി എഴുതി. അല്ലാഹു അതിനു മാർഗം നൽകാത്തവരിൽപ്പെട്ടവരാണ് നിങ്ങൾ.
ഇതുകൂടി ‘കഴിവ്’ എന്നതിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയും അതിനെ സ്ത്രീകൾക്ക് ഹജ്ജ് നിർബന്ധമാകുന്നതിലുള്ള നിബന്ധനകളിലൊന്നായി എതുകയും ചെയ്തവരിൽ പെട്ടവരാണ് അബുഹനീഫ, അദ്ദേഹത്തിന്റെ ശിഷ്യന്മാർ, നഖഈ,ഹസൻ, സൗരി, അഹ്മദ്, ഇസ്ഹാഖ് എന്നിവർ.
ഹാഫിള് പറഞ്ഞു: ശാഫിഇകളുടെ വിശ്രുതമായ അഭിപ്രായം ഭർത്താവോ, വിവാഹം നിഷിദ്ധമായ ആരെങ്കിലുമോ, വിശ്വസിക്കാവുന്ന സ്ത്രീകളോ കൂടെയുണ്ടായിരിക്കൽ നിബന്ധനകളിൽപ്പെട്ടതാണെന്നാണ്. വിശ്വസിക്കാവുന്ന ഒരു സ്ത്രീ ഉണ്ടായാലും മതിയെന്നാണ് മറ്റൊരു അഭിപ്രായം. കറാബീസി ഉദ്ധരിക്കുകയും മുഹദ്ദബിൽ ശരിയാണെന്നു പറയുകയും ചെയ്ത ഒരഭിപ്രായമനുസരിച്ച് മാർഗം നിർഭീതമാണെങ്കിൽ സ്ത്രീക്ക് ഒറ്റക്ക് തന്നെ യാത്ര ചെയ്യാം.
ഇപ്പറഞ്ഞതെല്ലാം നിർബന്ധമായ ഹജ്ജോ ഉംറയോ ചെയ്യുന്നതിനെക്കുറിച്ച് മാത്രമാണ്.
വൃദ്ധയായ സ്ത്രീയാണെങ്കിൽ വിവാഹം നിഷിദ്ധമായവരൊന്നുമില്ലാതെ തന്നെ യാത്ര ചെയ്യാമെന്ന് ഇമാമുകളിൽ ഒരുവിഭാഗം അഭിപ്രായപ്പെട്ടതായി ‘സുബുലുസ്സലാമി’ൽ പറഞ്ഞിരിക്കുന്നു. സ്ത്രീക്ക് വിശ്വസിക്കാവുന്ന ഒരു കൂട്ടുകാരിയുടെ കൂടെയോ, മാർഗം നിർഭീതമാണെങ്കിൽ ഒറ്റക്കോ, ഭർത്താവും മറ്റു വിവാഹം നിഷിദ്ധമാക്കിയവരൊന്നുമില്ലാതെത്തന്നെ യാത്ര ചെയ്യാമെന്ന് പറയുന്നവരുടെ തെളിവ് ബുഖാരി ഉദ്ധരിച്ച ഒരു ഹദീസാണ്. അദിയ്യുബ്നു ഹാതിം പറഞ്ഞു: ഞങ്ങൾ നബി(സ)യുടെ കൂടെയായിരിക്കുമ്പോൾ ഒരാൾ അവിടത്തെ മുന്നിൽ വന്ന് ദാരിദ്ര്യത്തെപ്പറ്റി ആവലാതി പറഞ്ഞു. പിന്നീട് ഒരാൾ വന്ന് വഴിയിലുള്ള കൊള്ളക്കാരെപ്പറ്റി ആവലാതി പറഞ്ഞു. അവിടന്ന് ചോദിച്ചു: അദിയ്യ, നീ ‘ഹീറ'(കൂഫയോടടുത്ത ഒരു ഗ്രാമം). കണ്ടിട്ടുണ്ടോ? അദിയ്യ് പറഞ്ഞു: ഞാൻ കണ്ടിട്ടില്ല. പക്ഷേ, അതിനെപ്പറ്റി കേട്ടിട്ടുണ്ട്. അവിടന്നു പറഞ്ഞു: “നിനക്ക് ദീർഘജീവിതത്തിന് അവസരം ലഭിക്കുകയാണെങ്കിൽ, കുലീന സ്ത്രീകൾ യാത്ര ചെയ്യുന്ന ഒട്ടകക്കട്ടിൽ അല്ലാഹുവിനെയല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ ഹീറയിൽ നിന്ന് പുറപ്പെട്ട് കഅ്ബയെ പ്രദക്ഷിണം വെക്കുന്നത് നിനക്ക് കാണാം.
തിരുമേനിയുടെ പത്നിമാർ ഉമർ(റ) അനുവാദം നല്കിയ ശേഷം അവസാനമായി ചെയ്ത ഹജ്ജും ഇവർ തെളിവായി ഉന്നയിക്കുന്നു. അവരോടൊപ്പം ഉസ്മാനുബ്നു അഫ്ഫാനെയും അബ്ദുർറഹ്മാനിബ്നുഔഫിനെയുമാണ് ഉമർ അയച്ചത്. അവർ ഇരിക്കുന്ന ഒട്ടകക്കട്ടിലുകളിലേക്ക് നോക്കുകയോ അതിനെ സമീപിക്കുകയോ ചെയ്യരുതെന്ന് ഉസ്മാൻ (റ) വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
ഇനി ഒരു സ്ത്രീ നിബന്ധനകൾ ലംഘിച്ച് ഭർത്താവോ, വിവാഹം നിഷിദ്ധമായവരോ കൂടെയില്ലാതെ ഹജ്ജ് ചെയ്താൽ ആ ഹജ്ജ് സാധുവാകും.
സുബുലുസ്സലാമിൽ ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു. ഇബ്നു തൈമിയ പറഞ്ഞു: കഴിവില്ലാത്തവൻ ഹജ്ജും വിവാഹം നിഷിദ്ധമായവർ കൂടെയില്ലാത്ത സ്ത്രീയുടെ ഹജ്ജും സാധുവാകും. അതായത് രോഗം, ദാരിദ്ര്യം, അംഗഭംഗം, വഴിയിലുള്ള കൊള്ള, സ്ത്രീയെ സംബന്ധിച്ചിടത്തോളം വിവാഹം നിഷിദ്ധമായവർ കൂടെയില്ലാത്ത അവസ്ഥ എന്നിവ കാരണം കഴിവില്ലാതെ വരികയും അതിനാൽ ഹജ്ജ് നിർബന്ധമില്ലാതാവുകയും ചെയ്തവർ എങ്ങനെയെങ്കിലും വിഷമിച്ച് ഹജ്ജിന്റെ സ്ഥാനങ്ങളിലെല്ലാം സന്നിഹിതരാവകയാണെങ്കിൽ അതവരുടെ ഹജ്ജായി ഗണികപ്പെടും.
പക്ഷേ, അങ്ങനെ ചെയ്യുന്നതിൽ ഉത്തമമായതും ചീത്തയായതുമുണ്ട്. നടന്നുപോയിക്കൊണ്ടാണ് ഒരാൾ ഇവ്വിധം ഹജ്ജ് ചെയ്തതെങ്കിൽ അത് ഉത്തമമാണ്. യാചിച്ചുകൊണ്ടോ സ്ത്രീ, വിവാഹം നിഷിദ്ധമായവർ കൂടെയില്ലാതെയോ ആണ് ചെയ്യുന്നതെങ്കിൽ അത് ചീത്തയുമാണ്.
ഇത്തരത്തിലുള്ള ഹജ്ജ് സാധുവാണെന്ന് പറയാൻ കാരണം അവർക്ക് അതിനുള്ള അർഹത പൂർണമായിട്ടുണ്ടെന്നാണ്. തെറ്റുകൾ സംഭവിച്ചിട്ടുണ്ടങ്കിൽ അത് മാർഗത്തിലാണ്, സാക്ഷാൽ ലക്ഷ്യത്തിലല്ല.
മുഗ്നിയിൽ ഇങ്ങനെ വന്നിരിക്കുന്നു. കഴിവില്ലാത്തവർ വളരെ വിഷമിച്ചു ബുദ്ധിമുട്ടുകൾ തരണം ചെയ്യുകയും വാഹനവും പാഥേയവുമൊന്നുമില്ലാതെ ഹജ്ജ് ചെയ്യുകയുമാണെങ്കിൽ അവന്റെ ഹജ്ജ് സാധുവാകുന്നതാണ്.
ഭർത്താവിന്റെ അനുവാദം
നിർബന്ധ ഹജ്ജിനു പുറപ്പെടാൻ ഭാര്യക്ക് ഭർത്താവിനോട് അനുവാദം ചോദിക്കുന്നത് സുന്നത്താണ്. അനുവാദം നല്കിയാൽ പുറപ്പെടാം. അനുവാദം നല്കിയില്ലെങ്കിൽ അനുവാദമില്ലാതെയും പുറപ്പെടാം. കാരണം, ഒരു പുരുഷന് തന്റെ ഭാര്യയെ നിർബന്ധ ഹജ്ജിൽനിന്ന് തടഞ്ഞുനിർത്താൻ അധികാരമില്ല. അവൾ അനുഷ്ഠിക്കൽ നിർബന്ധമായ ഒരു ഇബാദത്താണത്. സ്രഷ്ടാവിനെ ധിക്കരിച്ചുകൊണ്ട് സൃഷ്ടിയെ അനുസരിക്കാവതല്ല. അതിനാൽ തന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ആ ബാധ്യത (ഹജ്ജ്) അവർക്ക് കഴിയും വേഗത്തിൽ ഒഴിവാക്കാം. നമസ്കാരം അതിന്റെ ആദ്യസമയത്തു തന്നെ അവൾ ചെയ്യുകയാണെങ്കിൽ അദ്ദേഹത്തിനത് തടയാൻ അധികാരമില്ലാത്ത പോലെ, നേർച്ചയാക്കിയ ഹജ്ജിന്റെ അവസ്ഥയും ഇതുതന്നെ. കാരണം, ആദ്യം പറഞ്ഞ ഹജ്ജു പോലെ, അവളെ സംബന്ധിച്ചിടത്തോളം ഇതും നിർബന്ധം തന്നെയാണ്.
എന്നാൽ സുന്നത്തായ ഹജ്ജാണെങ്കിൽ ഭർത്താവിന് അവളെ അതിൽനിന്ന് തടയാം. നബി (സ)യിൽ നിന്ന് ഇബ്നു ഉമർ വഴി ദാറഖുത്വ് നി ഉദ്ധരിച്ച
ഒരു ഹദീസാണിതിന് തെളിവ്. ധനമുള്ള ഒരു സ്ത്രീയെ ഹജ്ജിനുപോകാൻ ഭർത്താവ് അനുവദിക്കാതിരുന്നതിനെപ്പറ്റി തിരുമേനി പറഞ്ഞു. ഭർത്താവിന്റെ അനുവാദം കൂടാതെ അവൾക്ക് പോകാൻ പാടില്ല.