ദാറുന്നദ്‌വ (അസംബ്ലി ഹൗസ്)
കഅ്ബയുടെ മീസാബിന് എതിർവശത്താണ് ദാറുന്നദ്‌വ (അസംബ്ലി ഹൗസ്) സ്ഥിതി ചെയ്യുന്നത്. ഖുറൈശികളിലെ പ്രഭുക്കന്മാരുടെ പാർലമെന്റ് മന്ദിരമായാണ് ദാറുന്നദ്‌വ പ്രവർത്തിച്ചിരുന്നത്. ഇവിടെ വച്ചാണ് അവർ നബി (സ)യെ കൊല്ലാൻ പദ്ധതിയിട്ടതും.
. പ്രവാചകൻ (ﷺ) ജനിക്കുന്നതിന് ഏകദേശം 150 വർഷം മുമ്പ് ഖുസൈയ്യ് ബിൻ കിലാബ് ദാറുന്നദ്‌വ പണിതുവെന്നും അത് യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ ഭവനമായിരുന്നുവെന്നും ചരിത്രം പറയുന്നു. ഈ വീട് പൊതുയോഗങ്ങൾക്കായി ഉപയോഗിച്ചു; യുദ്ധം, സമാധാനം തുടങ്ങിയ സുപ്രധാന വിഷയങ്ങളുടെ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയുരുന്നതും ഇവിടെ വച്ചായിരുന്നു. പ്രധാന യാത്രകൾ പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ഒത്തുകൂടിയുരുന്നതും, വിവാഹങ്ങളും മറ്റ് പ്രധാന ചടങ്ങുകളും നടത്തിയരുന്നതും ദാറുന്നദ്‌വയിലായിരുന്നു . യുദ്ധത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് ബറ്റാലിയനുകൾക്ക് പതാകകൾ കൈമാറിയിരുന്നതും ഇവിടെ നിന്നായിരുന്നു.
. ഇസ്ലാമിനും മുസ്ലീങ്ങൾക്കും എതിരെ തന്ത്രങ്ങൾ മെനയാൻ ഖുറൈശികളുടെ നേതാക്കൾ ദാറുന്നദ്‌വയിലാണ് ഒത്തുകൂടിയിരുന്നത്. ഇസ്‌ലാം മക്കയിൽ ശക്തിപ്രാപിക്കുന്നതിലൂടെ തങ്ങളുടെ ശക്തിയാണ് ക്ഷയിക്കുന്നതെന്ന് തിരിച്ചറിഞ്ഞ ഖുറൈശികൾ പ്രവാചകനെ (സ) എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ചർച്ച ചെയ്യാൻ ഒരു പ്രത്യേക കൗൺസിൽ ദാറുന്നദ്‌വയിൽ നടത്തുകയായിരുന്നു.
. ഖുറൈശികളിലെ ചിലർ നബി (സ)യെ മക്കയിൽനിന്ന് പുറത്താക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ മറ്റുചിലർ അദ്ദേഹത്തെ മരണം വരെ തടവിലാക്കണമെന്ന് വാദിച്ചു. അവസാനം, അബൂജഹൽ തന്റെ ആശയം ഇങ്ങനെ അവതരിപ്പിച്ചു, നമ്മൾ ഓരോരുത്തരും നമ്മുടെ ഗോത്രങ്ങളിൽ നിന്ന് ശക്തനായ ഒരു യുവാവിനെ തിരഞ്ഞെടുത്ത് അവരെല്ലാംകൂടി നബി(സ)യെ ഒറ്റയടിക്ക് ആക്രമിച്ച് കീഴടക്കുക. ഈ രീതിയിൽ നബി(സ)യെ വധിക്കുന്നതിലൂടെ, എല്ലാ ഗോത്രങ്ങൾക്കും പ്രവാചകന്റെ കൊലയിൽ പങ്ക് ലഭിക്കുകയും നബി(സ)യുടെ സംരക്ഷകരായ ബനൂ അബ്ദു മുനാഫിന് എല്ലാ ഖുറൈശികളുമായും ഒരേസമയം ഏറ്റുമുട്ടാൻ കഴിയാതെ വരികയും ചെയ്യും. ഈ പദ്ധതിയെ എല്ലാവരും അഭിനന്ദിക്കുകയും തുടർന്ന് ഖുറൈശികൾ അവരുടെ കെണിയൊരുക്കുകയും ചെയ്തത് ദാറുന്നദ്‌വയുടെ ചർച്ചയുടെ റിസൽറ്റായിരുന്നു.
. എന്നാൽ ജിബ്‌രീൽ (عليه السلام) നബി(സ)യോട് അദ്ദേഹത്തെ വധിക്കാൻ നടന്ന്കൊണ്ടിരിക്കുന്ന ഗൂഢാലോചനയെ കുറിച്ച് അറിയിക്കുകയും, ആ രാത്രി ഒരു ആപത്തും സംഭവിക്കില്ലെന്ന് ഉറപ്പുനൽകുകയും, ശേഷം അലി (رضي الله عنه) യോട് പ്രവാചകന്റെ വിരിപ്പിൽ ഉറങ്ങാൻ നബി (ﷺ) ആവശ്യപ്പെടുകയും അങ്ങനെ അവരറിയാതെ പ്രവാചകൻ രക്ഷപ്പെടുകയും ചെയ്തു. അവിടെ കിടന്നുറങ്ങുന്നത് അലി (رضي الله عنه) ആണെന്നും തങ്ങൾ കബളിപ്പിക്കപ്പെട്ടതാണെന്നും ഖുറൈശികൾക്ക് നേരം പുലർന്നപ്പോഴാണ് മനസ്സിലായത്. ഈ സംഭവത്തെക്കുറിച്ച് അല്ലാഹു (ﷻ) സൂറത്തുൽ അൻഫാലിൽ പരാമർശിക്കുന്നുണ്ട്: നിന്നെ തടവിലാക്കാനോ കൊന്നുകളയാനോ നാടുകടത്താനോ സത്യനിഷേധികള്‍ നിനക്കെതിരെ തന്ത്രം മെനഞ്ഞ സന്ദര്‍ഭം. അവര്‍ തന്ത്രം പ്രയോഗിക്കുന്നു. അല്ലാഹുവും തന്ത്രം പ്രയോഗിക്കുന്നു. തന്ത്രം പ്രയോഗിക്കുന്നവരില്‍ മികവുറ്റവന്‍ അല്ലാഹു തന്നെ. ( 8 : 30 )
. പ്രവാചകനും അനുയായികളും മക്ക കീഴടക്കിയതിന് ശേഷം ദാറുന്നദ്‌വ മുസ്ലീംകളുടെ നിയന്ത്രണത്തിലായി. മസ്ജിദുൽ ഹറമിന്റെ സമീപത്തായതിനാൽ, നിരവധി മുസ്ലീം നേതാക്കളും ഖുലഫാഉകളും ഹജ്ജും ഉംറയും നിർവഹിക്കുമ്പോൾ അവിടെ താമസിച്ചിരുന്നു. ഉമർ (رضي الله عنه)വും ഒരിക്കൽ അവിടെ തങ്ങിയിട്ടുണ്ട്.
. അബ്ബാസി ഖലീഫയായിരുന്ന മുഅ്തദിദ് ബില്ലാഹ് ഹിജ്റ 284-ലാണ് (സി.ഇ. 897) ദാറുന്നദ് വയെ മസ്ജിദുൽ ഹറമിൽ ഉൾപ്പെടുത്തിയത്.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp