Back To Top

 നബിയുടെ നഗരിയിൽ നിർവൃതിയോടെ

നബിയുടെ നഗരിയിൽ നിർവൃതിയോടെ

Spread the love

മദീന സന്ദർശനം ഹജ്ജിന്റെയോ ഉംറുടെയോ ഭാഗമല്ല. അതിന് നിശ്ചിത മാസമോ ദിവസമോ ഇല്ല. എന്നാൽ, മക്കയിലെത്തിയ ഭക്തനായ വിശ്വാസിക്ക് മദീന സന്ദർശിക്കാതിരിക്കാനാവില്ല. മനുഷ്യവംശത്തിൽ അവനേറ്റം സ്നേഹി ക്കുന്ന പ്രവാചകന്റെ പള്ളിയും അന്ത്യവിശ്രമസ്ഥാനവും അവിടെയാണല്ലോ.

നേരത്തെത്തന്നെ നബിതിരുമേനിക്ക് മദീനയുമായി പാരമ്പര്യമായ കുടുംബബന്ധമുണ്ടായിരുന്നു. പിതാമഹൻ അബ്ദുൽ മുത്തലിബ് ജനിച്ചതും എട്ടുവയസ്സുവരെ ജീവിച്ചതും അവിടെയാണ്. അദ്ദേഹത്തിന്റെ മാതാവ് സൽമ അവിടത്തുകാരിയാണ്. പ്രവാചകന്റെ പിതാവ് പരലോകം പ്രാപിച്ചതും മദീനയിൽത്തന്നെ. മാതാവ് മരണമടഞ്ഞത് മദീനായാത്ര കഴിഞ്ഞ് മടങ്ങുമ്പോഴും.

മനസ്സ് പിറകോട്ട് സഞ്ചരിക്കുന്നു. പതിനാലു നൂറ്റാണ്ടുമുമ്പ് നടന്ന ഹിജ്റയുടെ സ്മൃതികളിലേക്ക്. അന്ന് ശത്രുക്കളുടെ കണ്ണിൽ പെടാതിരിക്കാൻ ശ്രദ്ധിച്ചും സൂക്ഷിച്ചുമാണ് നബിതിരുമേനിയും അബൂ ബക്ർ സ്വിദ്ദീഖും സഞ്ചരിച്ചിരുന്നത്. വഴികാട്ടി അദ്ദുഇൽ വംശജനായ അബ്ദുല്ലാഹിബ്നു ഉറൈഖിള് ആയിരുന്നു. സാധാരണ ആരും സഞ്ചരിക്കാത്ത വിഴിയിലൂടെയാണ് അവർ യസ്രിബിലേക്ക് തിരിച്ചത്. അപ്പോഴേക്കും നബിതി രുമേനിയുടെ തലക്ക് നൂറ് ഒട്ടകം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. അതു പ്രതീക്ഷിച്ച് ഇറങ്ങിത്തിരിച്ച സുറാഖയുടെ കുതിര മുട്ടുകുത്തി വീണതും പ്രവാചകനും സഹയാത്രികനും രക്ഷപ്പെട്ടതും ഓർമയിൽ തെളിഞ്ഞുവന്നു.

പൊള്ളുന്ന വെയിലിൽ, കത്തിക്കാളുന്ന മണൽക്കാടുകളിലൂടെ, കുന്നും കുറ്റിക്കാടും താണ്ടി തിഹാമാ മരുഭൂമി തരണം ചെയ്താണ് അവർ യഥിബി ലെത്തിയത്. നിതാന്ത നിശ്ശബ്ദമായ മരുഭൂമിയിലെ യാത്രക്കിടയിൽ എവിടെയും അവർക്കൊരഭയമുണ്ടായിരുന്നില്ല. എഴു നാൾ പിന്നിട്ടശേഷം സഹം ഗോതത്തിന്റെ വാസസ്ഥലത്തെത്തിയപ്പോൾ ഗോത്രത്തലവൻ ബുറൈദ അവരെ സ്വീകരിക്കാനെത്തി. തുടർന്ന് ലഭിച്ച സ്നേഹനിർഭരമായ സ്വീകരണത്തിന്റെ തുടക്കമായിരുന്നു അത്. യഥിബ് നിവാസികൾ നബിതിരുമേനിയെ നേരിൽ കാണാനും അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാനും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നുവല്ലോ. അന്നോളം അവരിൽ പലരും പ്രവാചകനെ പറ്റി കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.

മസ്ജിദുന്നബവിയിൽനിന്ന് ഏതാണ്ട് നാലു കിലോമീറ്റർ ദൂരെ മദീനയുടെ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഖുബാ എന്ന ഗ്രാമപ്രദേശത്തെത്തിയ പ്രവാചകൻ നാലു നാൾ അവിടെ താമസിച്ചു. പ്രാർഥനക്കായി ഒരു പള്ളി പണിയുകയും ചെയ്തു. യഥ് രിബ് നിവാസികൾ അതിരുകളില്ലാത്ത സന്തോഷത്തോടെ നബിതിരുമേനിയെ സ്വീകരിച്ചു. പെൺകുട്ടികൾ പാട്ടുപാടി ആഹ്ലാദം പങ്കിട്ടു. സർവ്വവിധ സൗകര്യങ്ങളോടും സംരക്ഷണത്തോടും കൂടി, കൂടെ താമസിക്കാൻ മദീനാ നേതാക്കളോരോരുത്തരും അദ്ദേഹത്തെ ക്ഷണിച്ചുകൊണ്ടിരുന്നു. പക്ഷേ, ആരുടെയും ക്ഷണം അദ്ദേഹം സ്വീകരിച്ചില്ല. ഒട്ടകപ്പുറത്തു കയറി അതിന്റെ കടിഞ്ഞാൺ അഴിച്ചുവിട്ടു. വഴിയുടെ ഇരുവശവും കാത്തുനിന്ന് വിശ്വാ സികൾക്കിടയിലൂടെ അത് മെല്ലെ നടന്നുനീങ്ങി. അവിടെയുള്ള അമുസ്ലിംകളും ഹൃദ്യമായ ആ സ്വീകരണത്തിന് സാക്ഷികളായി. തങ്ങൾക്കിടയിൽ തലമുറകളായി തമ്മിൽ തല്ലി തകർന്നുകൊണ്ടിരുന്ന ഔസ്-ഖസ്റജ് ഗോത്രങ്ങൾ ഒന്നായി ഒരു നേതാവിനെ സ്വീകരിച്ചാനയിക്കുന്നത് അവർ അനൽപമായ ആശ്ചര്യത്തോടെ നോക്കിക്കാണുകയായിരുന്നു. യസ് രിബിനെ മദീനത്തുന്നബിയാക്കി മാറ്റിയ ധന്യമായ ചരിത്ര മുഹൂർത്തം. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും, തലേന്നാളത്തെ സംഭവങ്ങൾപോലെ ചരിത്രം ഓർമിപ്പിക്കുന്ന നിസ്തുല സ്മരണകൾ… അവയിൽ മുട്ടിയുരുമ്മി സമയം പോയതറിഞ്ഞില്ല. മദീനയുടെ അതിരറിയിക്കുന്ന അടയാളം മുറിച്ചു കടന്നപ്പോൾ രാവിലെ എട്ടുമണി കഴിഞ്ഞിരുന്നു. മക്കക്കും മദീനക്കും ഇടയിലുള്ള റോഡുകൾ വളരെ വിശാലമാണ്. കഴിഞ്ഞ തവണ വന്നപ്പോഴുണ്ടായിരുന്നതിലേറെ സൗകര്യപ്രദമാണ് ഇത്തവണത്തെ യാത്ര. അന്ന് ബദ്റിനരികിലൂടെയാണ് സഞ്ചരിച്ചത്. പുതിയ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ ബദ്ർ ദൃഷ്ടിയിൽ പെടുകയില്ല.

സുഊദി അറേബ്യയുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പട്ടണമാണ് മദീന. ചെങ്കടലിൽനിന്ന് ഏകദേശം ഇരുനൂറ്റമ്പത് കിലോമീറ്റർ കിഴക്കും മക്കയിൽ നിന്ന് 277 മൈലും സമുദ്രനിരപ്പിൽനിന്ന് 625 മീറ്റർ ഉയരത്തിലുമുള്ള ഇവിടെ മൂന്ന് താഴ്വരകളുണ്ട്. അവയിൽ പ്രധാനം അഖീഖ് താഴ്വരയാണ്. അഖ്ൽ, ഹീംദ് എന്നിവയാണ് മറ്റു രണ്ടെണ്ണം. അമ്പത് കിലോമീറ്റർ വിസ്തീർണമുള്ള മദീനയുടെ കിഴക്കും പടിഞ്ഞാറും കറുത്ത കല്ലുകളാൽ നിബിഡമാണ്. ഉഷ്ണകാലത്ത് കഠിനമായ ചൂടും ശൈത്യകാലത്ത് കൊടും തണുപ്പും അനുഭവപ്പെടുന്ന മദീനയുടെ ചുറ്റും മലകളാണ്. വടക്കു ഭാഗത്താണ് ചരിത്രപ്രസിദ്ധമായ ഉഹുദ് മല. ജനസംഖ്യ പത്തുലക്ഷം.

പ്രവാചകന്റെ പാദസ്പർശമേറ്റില്ലായിരുന്നുവെങ്കിൽ, ചരിത്രത്തിന്റെ പെരുമ സ്പർശിക്കാതെ പോകുന്ന വെറുമൊരു സാധാരണ പട്ടണമാകുമായി രുന്നു യഥ് രിബ്. അദ്ദേഹത്തിന്റെ ആഗമനത്തോടെ അത് നബിയുടെ നഗര(മദീനത്തിന്നബി)മായിമാറി. പ്രശോഭിതപട്ടണ(മദീനതുൽ മുനവ്വറ)മെന്നും അതിനു പേരുണ്ട്. ഇവയുൾപ്പെടെ മദീനക്ക് തൊണ്ണൂറ്റഞ്ച് അപരനാമങ്ങളുണ്ട്.

പ്രവാചകന്റെ പട്ടണം പ്രശാന്തിയുടെയും സ്നേഹത്തിന്റെയും ഇടമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമവിടെ വന്നവരുടെ വേഷവും ഭാഷയും പലതാണ്. വസ്ത്രധാരണരീതി ഭിന്നവും. എന്നിട്ടും മദീനയുടെ തെരുവുകളിൽ വൈദേശിക വൈവിധ്യതയുടെ അടയാളമൊന്നുമില്ല. വ്യത്യസ്തത പരതുന്ന വർക്ക് മാത്രമേ വല്ലതും വ്യക്തമാവുകയുള്ളൂ. തദ്ദേശീയരിലും വിദേശികളിലുമെല്ലാം അപഗ്രഥിക്കാനാവാത്ത ഒരേകീഭാവം ദൃശ്യമാണ്. എല്ലാവരുമവിടെ ഒന്നായി മാറിയപോലെ. പ്രവാചകന് ആഹ്ലാദത്തോടെ ആതിഥ്യമരുളിയ പട്ടണത്തിലെത്തുന്നവരൊക്കെ അദ്ദേഹത്തിന്റെ അതിഥികാളാണ്. ഒരേ വീട്ടിൽ വിരുന്നിനെത്തിയവർക്കും വീട്ടുകാർക്കുമിടയിൽ അന്യത്വമെന്തിന്.

മദീനയുടെ മണ്ണിലിറങ്ങി മെല്ലെ നടന്നപ്പോൾ പതിനാലു നൂറ്റാണ്ടുമുമ്പ് പ്രവാചകന്റെ പാദം പതിഞ്ഞ ഇടമാണല്ലോ ഇതെന്ന ബോധം മനസ്സിനെ വികാരാധീധമാക്കി. ഇപ്പോഴുമിവിടെ അദ്ദേഹത്തിന്റെ ആത്മീയസാന്നിധ്യം സജീവമായി നിലനിൽക്കുന്നതായി അനുഭവപ്പെട്ടു. ചിതറിക്കിടന്നിരുന്ന പല ഗ്രാമങ്ങൾ ഒന്നായി പട്ടണമായി പരിണമിച്ചതിന്റെ പിന്നിലെ ശക്തി നബിതിരുമേനിയാണല്ലോ. അന്നുതൊട്ടിന്നോളം ലോകത്തെങ്ങുമുള്ള മുസ്ലിംകൾ ഈ നഗരത്തെ ഹൃദയം നിറയെ സ്നേഹിക്കുന്നു. അതിനാലിവിടം സ്നേഹത്തിന്റെ സംഗമസ്ഥാനമായി മാറിയിരിക്കുന്നു. ബാഹ്യവും ഭൗതികവുമായ ഭിന്നതകൾക്കപ്പുറം ആത്മീയമായ ഏകതയുടെ പ്രതീകമായി ഈ നഗരം നിലകൊള്ളുന്നു. അതിന്റെ കേന്ദ്രബിന്ദു പ്രവാചകനാണ്. കഴിഞ്ഞ പതിനാലിലേറെ നൂറ്റാണ്ടുകളായി അദ്ദേഹത്തെപ്പോലെ സ്നേഹിക്കപ്പെട്ട ആരും ചരിത്രത്തിലൊരിക്കലും എവിടെയും ഉണ്ടായിട്ടില്ല. ഇനിയൊട്ടുണ്ടാവുകയുമില്ല. പ്രവാചകന്റെ പേരിൽ പ്രതിമകളോ പ്രതിഷ്ഠകളോ ഇല്ല. സ്മാരക സൗധങ്ങളോ സ്തംഭങ്ങളോ ഇല്ല. എന്നാൽ, അദ്ദേഹത്തെപ്പോലെ അനുസ്മരിക്കപ്പെടുന്ന ആരും ലോകത്തില്ല. അവ്വിധം ആദരിക്കപ്പെടുന്ന നേതാവുമില്ല. നൂറ്റണ്ടുകളെയും തലമുറകളെയും കോർത്തിണക്കുന്ന അവിഛേദ്യവും അദൃശ്യവുമായൊരു പാശം ഈ പട്ടണത്തിലുണ്ട്. മദീന മാറിലൊതുക്കിയ മഹാമനുഷ്യനോടുള്ള സ്നേഹവികാരമത്രേ അത്.

ഇസ്ലാമിക രാഷ്ട്രത്തിന്റെ പ്രഥമ തലസ്ഥാനമായിരുന്ന മദീനയുടെ മുഖമാകെ മാറിയിരിക്കുന്നു. പഴയ ലാളിത്യം പൂർണമായും അപ്രത്യക്ഷമായിട്ടുണ്ട്. ചെറുകുടിലുകളുടെ സ്ഥാനത്ത് പടുകൂറ്റൻ കെട്ടിടങ്ങൾ ഉയർന്നുവന്നിരിക്കുന്നു. പ്രവാചകന്റെ കാലത്ത് മദീനാപട്ടണമുണ്ടായിരുന്ന പ്രദേശം മുഴുവനുമിപ്പോൾ മസ്ജിദുന്നബവിയുടെ ഭാഗമായിട്ടുണ്ട്. പള്ളിയുടെ മുമ്പിലും പരിസരത്തും കൂറ്റൻ കെട്ടിടങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നു. പ്രത്യക്ഷത്തിലുണ്ടായ ഈ മാറ്റം മദീനയുടെ മനസ്സിനെ കാര്യമായി ബാധിച്ചിട്ടില്ല. സമീപനത്തിലെ സൗ മനസ്യവും പെരുമാറ്റത്തിലെ പ്രസാദാത്മകത്വവും ഇന്നും നിലനിൽക്കുന്നു. പ്രശോഭിതമായ പ്രവാചക കാലഘട്ടത്തിൽ പൂർണതയിലെത്തിയ നന്മയുടെ വെളിച്ചത്തിന് മങ്ങലേറ്റിട്ടുണ്ടെങ്കിലും അതിന്റെ തെളിച്ചം തീർത്തും അപ്രത്യക്ഷ മായിട്ടില്ല. അതിന്റെ മിന്നലാട്ടങ്ങൾ ജനജീവിതത്തിൽ തെളിഞ്ഞുകാണാം. മനുഷ്യചരിത്രത്തിൽ അതുല്യമായ ഔദാര്യം കാണിച്ചവരുടെ പിന്മുറക്കാരാണല്ലോ അവർ. മക്കയിൽ നിന്ന് ഹിജ്റ ചെയ്തെത്തിയ മുഹാജിറുകളെ അവർ സർവവിധ സഹായസഹകരണവും നൽകി സ്വീകരിച്ചു. തങ്ങളോടൊന്നിച്ച് താമസിപ്പിച്ചു. കച്ചവടത്തിൽ പങ്കാളികളാക്കി. സ്വത്തിൽ ഭാഗംനൽകി. അങ്ങനെ സഹായികളെന്നർഥം വരുന്ന അൻസാരികളെന്ന അപരനാമത്തിനവർ അർഹരായി. അന്യാദൃശമായ സേവനത്തിന്റെയും സാഹോദര്യത്തിന്റെയും തേജോമയമായ ആ മാതൃക വിശുദ്ധ ഖുർആൻ വളരെയേറെ വാഴ്ത്തിയിട്ടുണ്ട്. അവരുടെ ആ പാരമ്പര്യം പൂർണമായും മാഞ്ഞുപോയിട്ടില്ല. മദീനാവാസികളിന്നും ശാന്തശീലരും വിശാലമനസ്കരും ഉദാരശീലരുമാണ്.

വിശുദ്ധ ഖുർആന്റെ അനേകം അധ്യായങ്ങളുള്ള അവതരണത്തിന് സാക്ഷ്യം വഹിച്ച ഈ അനുഗൃഹീത നഗരത്തിലെ ഓരോ മണൽത്തരിക്കും പ്രവാചകന്റെയും അനുചരരുടെയും കർമാവേശത്തിന്റെയും വിശ്വാസവിശുദ്ധിയുടെയും ത്യാഗസന്നദ്ധതയുടെയും അനവധി കഥകൾ പറയാനുണ്ട്. അവയോർത്ത് അവിടെ നിന്നപ്പോൾ അവാച്യമായ അനേകം വികാരങ്ങൾക്കടിപ്പെടുകയായിരുന്നു അകം.

Prev Post

ഒരിക്കലും മറക്കാത്ത ഹജ്ജ് – ഉംറ ഓർമ്മകൾ

Next Post

വിസ്മയകരമായ കിസ് വ നിർമ്മാണം

post-bars

Related post

You cannot copy content of this page