അറഫ ദിനം
അറഫയിൽ അസ്തമയ സൂര്യന്റെ അവസാന കിരണവും അപ്രത്യക്ഷ മായപ്പോൾ തീർഥാടക ലക്ഷങ്ങൾ അവിടം വിടാനുള്ള തിരക്കിലായിരുന്നു. മനസ്സ് മുസ്ദലിഫയിലെത്താൻ ധൃതികൂട്ടി.
അറഫുടെയും മിനായുടെയും ഇടയിലുള്ള വിശാലമായ പ്രദേശമാണ് മുസ്ദലിഫ. “അല്ലാഹുവിന്റെ സാമീപ്യം നേടുക’ എന്ന അർഥത്തിൽ ഇസ് ദലഫ’യിൽ നിന്നാണ് പ്രസ്തുത പേരുണ്ടായതെന്നു പറയപ്പെടുന്നു. തീർത്ഥാടകർ രാത്രിയോടടുത്താണ് അവിടെ എത്തുന്നത് എന്നതിനാൽ രാത്രിയുടെ ആരംഭം’ എന്ന അർഥത്തിൽ സുലഫി’ൽനിന്നാണ് അത് രൂപപ്പെട്ടതെന്നും അഭിപ്രായമുണ്ട്.
മുസ്ദലിഫയിൽ നിരവധി കുന്നുകളും താഴ്വരകളുമുണ്ട്. അറഫയിൽ നിന്ന് അവിടേക്ക് ഒമ്പത് റോഡുകളുണ്ട്. കൂടാതെ അറഫയിൽ ബൈപാസ് റോഡു കളും ഒരു റിംഗ് റോഡുമുണ്ട്. അതിനാൽ വാഹനം വഴിതെറ്റിയാൽ ലക്ഷ്യ സ്ഥാനത്തെത്താൻ ഏറെ പ്രസായപ്പെടേണ്ടിവരും. കാൽനടയായി വരുന്നതാണ് സുഖകരവും സൗകര്യപ്രദവും.
പ്രവാചക നിയോഗത്തിനുമുമ്പ് ഖുറൈശികൾ അറഫയിലേക്ക് പോയിരുന്നില്ല. അവരിങ്ങനെ പറയാറുണ്ടായിരുന്നു. ഞങ്ങൾ ഹറമിന്റെ ആളുക ളാണ്. സാധാരണ അറബികളെപ്പോലെ ഹറമിനു പുറത്തുകടന്ന് അറഫയിൽ പോകുന്നത് ഞങ്ങളുടെ അന്തസ്സിനു ചേർന്നതല്ല. അങ്ങനെ മുസ്ദലിഫയിൽ നിന്നുതന്നെ മടങ്ങിപ്പോരുന്നത് തങ്ങളുടെ പ്രത്യേകാവകാശമായി അവർ പരിഗണിച്ചിരുന്നു. ഈ വിവേചനത്തെ നിഷേധിച്ച് വിശുദ്ധ ഖുർആൻ പ്രഖ്യാപിച്ചു: “പിന്നീട് ആളുകളെല്ലാം മടങ്ങുന്നതെവിടെ നിന്നാണോ അവിടെനിന്ന് നിങ്ങളും മടങ്ങുക. അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുക. അല്ലാഹു പൊറുക്കുന്നവനും ദയാപരനുമത്രെ” (അൽബഖറ: 199), മുസ്ദലിഫ ഒരിടത്താവളമാണ്; വിശ്രമസ്ഥലം. നബിതിരുമേനി ഹജ്ജത്തുൽ വിദാഇൽ മശ്അറുൽ ഹറാമിലാണ് രാത്രി താമസിച്ചത്. ഖുസഅ് കുന്നിനു താഴെയാണ് ആ പ്രദേശം. ഇപ്പോൾ അവിടെ മിനാരത്തോടുകൂടിയ ഒരു പള്ളിയുണ്ട്. നബി രാത്രി അവിടെ ഇറങ്ങിയിട്ടുണ്ട്. “നിങ്ങൾ അറഫയിൽനിന്ന് പുറപ്പെട്ടാൽ മശ്അറുൽ ഹറാമിനടുത്ത് തങ്ങി അല്ലാഹുവിനെ സ്തുതിക്കുക’ (അൽബഖറ: 198) എന്ന അല്ലാഹുവിന്റെ കൽപനയനുസരിച്ചാണ് അവിടുന്ന് അവ്വിധം ചെയ്തത്. തീർത്ഥാടകനിൽ അവബോധം വളർത്തുന്ന ഇടമാണത്. എന്നാൽ, രാത്രി കഴിച്ചുകൂട്ടുന്നത് മശ്അറുൽ ഹറാമിൽത്തന്നെയാവണമെന്നില്ല. മുസ്ദലിഫയിൽ എവിടെയായാലും മതി. നബി അരുൾ ചെയ്തു: “ഞാനിവിടെ നിൽക്കുന്നു എന്നുമാത്രം. മുസ്ദലിഫ മുഴുവൻ നിൽക്കാനുള്ള സ്ഥലമാണ്.
തീർഥാടകൻ മുസ്ദലിഫയിലെത്തുന്നത് അറഫയിൽനിന്ന് നേടിയ അറിവിന്റെയും ജീവിത വിശുദ്ധിയുടെയും വെളിച്ചത്തിലാണ്. വർഷത്തിലൊരൊറ്റ രാത്രി മാത്രം ജനനിബിഡമാകുന്ന നിശാനഗരമാണ് മുസ്ദലിഫ. അവിടെ പ്രകാശം പരത്തുന്നത് വൈദ്യുത വിളക്കുകളെക്കാളേറെ തെളിഞ്ഞ അന്തരീ ക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന നക്ഷത്രങ്ങളും ചന്ദ്രനുമാണ്.
മുസ്ദലിഫ ശാന്തമാണ്; നിർമലവും. അവിടെ തമ്പുകളില്ല. മേൽപ്പുരകളില്ല, ചുവരുകളില്ല, കെട്ടിടങ്ങളില്ല, ഗോപുരങ്ങളില്ല. എങ്ങും ശൂന്യം. മുകളിൽ തെളിഞ്ഞ മാനം. എല്ലാ അർഥത്തിലും പ്രശാന്തമായ പ്രദേശം.
മുസ്ദലിഫയിലെത്തിയ ഉടനെ മഗ് രിബും ഇശാഉം ജംഉം ഖസ്റുമായി നമസ്കരിച്ചു. പിന്നീട് കുറെ നേരം കീർത്തനങ്ങളിലും പ്രാർഥനകളിലുമായി കഴിഞ്ഞു കൂടി. അറഫിൽ നിന്നുള്ള മടക്കയാത്രയിലെന്ന പോലെ അവിടെ വെച്ചും തൽബിയത്ത് ചൊല്ലിക്കൊണ്ടിരുന്നു.
സുബ്ഹ് വരെ മുസ്ദലിഫയിലുറങ്ങി. നമസ്കാരം അവിടെനിന്ന് നിർവഹിച്ച് പ്രഭാതോദയം വരെ മശ്അറുൽ ഹറാമിൽ പ്രാർഥനകളിൽ വ്യാപൃതരാവാറാണ് പതിവ്. ഏറ്റവും ഉത്തമവും അതുതന്നെ. എന്നാൽ സ്ത്രീകൾക്കും വൃദ്ധർക്കും അവരുടെ കൂടെയുള്ളവർക്കും അർധരാത്രിക്കുശേഷം മിനായിലേക്ക് പുറപ്പെടാവുന്നതാണ്. യാത്ര ആരംഭിക്കുന്നതിനുമുമ്പായി വരുംനാളിലെ പോരാട്ടത്തിനാവശ്യമായ ആയുധമണിഞ്ഞു. ജംറയിൽ എറിയാനുള്ള ഏഴു കല്ലുകൾ ശേഖരിച്ചു. അവ ഉപയോഗിച്ചാണല്ലോ ശത്രുവിനെ നേരിടേണ്ടത്. ലോകത്തിലെ ഏറ്റവും കരുത്തും കുതന്ത്രവും സാമർഥ്യവുമുള്ള പ്രതിയോഗിയോടാണ് പോരാടേണ്ടത്. പിശാചാണത്. കല്ലുകളെടുക്കുമ്പോൾ ഒരു മഹാകൃത്യം നിർവഹിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന തോന്നൽ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. മലമുകളിൽ മരമൂട്ടിൽ തപസ്സിരിക്കുന്ന സന്യാസിയുടെ നിയോഗമല്ല, പോർക്കളത്തിൽ പ്രതിയോഗിയോട് പൊരുതുന്ന പടായളിയുടെ നിയോഗമാണ് തന്റേതെന്ന തിരിച്ചറിവ് മുസ്ദലിഫയിലെ തയ്യാറെടുപ്പ് തീർഥാടകന് നൽകുന്നു. രക്തസാക്ഷിത്വം വരിക്കാൻ സന്നദ്ധനായി യുദ്ധക്കളത്തിലേക്ക് പോവുന്ന യോദ്ധാവിനെപ്പോലെ മനുഷ്യരാശിയുടെ ശത്രുവിനെ കല്ലെറിഞ്ഞ് തോൽ പിക്കാൻ പുറപ്പെടുന്ന ഹാജിയും ജീവിതവിശുദ്ധി ഉറപ്പുവരുത്താൻ പരമാവധി ശ്രദ്ധിക്കുകയും ശ്രമിക്കുകയും ചെയ്യുന്നു. അതിനായി പാപമോചന പ്രാർഥകളിൽ നിരതനാവുന്നു. അല്ലാഹുവുമായി സ്വകാര്യ ഭാഷണത്തിലേർപ്പെടുന്നു. ശൈത്വാനാകുന്ന ശത്രുവിനെതിരെ ആയുധമണിഞ്ഞ താൻ ധരിച്ചത് മൃത്യുവസ്ത്രമാണെന്നോർക്കുകയും ചെയ്യുന്നു.
മുസ്ദലിഫയുടെയും മിനായുടെയും ഇടയിലുള്ള പ്രദേശം “വാദി മുഹസ്സിർ’ എന്ന പേരിലറിയപ്പെടുന്ന ഒഴിഞ്ഞ സ്ഥലമാണ്. വിശുദ്ധ കഅ്ബ പൊളിക്കാൻ വന്ന അബ്റഹത്തും സൈന്യവും നിശ്ശേഷം നശിപ്പിക്കപ്പെട്ട സ്ഥലം. നബി അതിലൂടെ സഞ്ചരിച്ചത് വളരെ വേഗത്തിലായിരുന്നു.
ദുൽഹജ്ജ് 10-ന് പ്രഭാതത്തിൽ മിനായിലെ തമ്പിലെത്തി. ഹജ്ജിലെ ഏറ്റവും തിരക്കുപിടിച്ച ദിവസമാണിത്. ജംറതുൽ അഖബയിൽ കല്ലെറിയണം, മുടിയെടുക്കണം, ബലി നിർവഹിക്കണം, മക്കയിൽ പോയി ത്വവാഫുൽ ഇഫാദ നിർവഹിക്കണം. മിനായിൽത്തന്നെ തിരിച്ചെത്തുകയും വേണം. ഇതിൽ ഞങ്ങളുടെ സംഘത്തിലെ മുഴുവൻ അംഗങ്ങളുടെയും ബലികർമത്തിനു വേണ്ട നടപടികൾ നേരത്തെ സ്വീകരിച്ചിട്ടുണ്ട്. അത് യഥാസമയം ഭംഗിയായി നിർവഹിക്കപ്പെടും. പ്രഭാതകൃത്യങ്ങൾ പൂർത്തീകരിച്ച ശേഷം ബാക്കി കാര്യങ്ങൾ നിർവഹിക്കാനായി സമയമൊട്ടും പാഴാക്കാതെ പുറപ്പെട്ടു.
നാലായിരത്തിലേറെ വർഷങ്ങൾക്കപ്പുറം ഹസ്രത്ത് ഇബ്റാഹീം നബിയും പുത്രൻ ഇസ്മാഈലും ബലിക്ക് സന്നദ്ധരായി ഇറങ്ങിത്തിരിച്ചപ്പോൾ പിശാച് പിന്തിരിപ്പിക്കാനൊരുങ്ങി. ദുർബോധനവുമായി പിന്നാലെ വന്നു. സ്രഷ്ടാവിന്റെ മുമ്പിൽ സൃഷ്ടിയുടെ ആ സമ്പൂർണമായ സമർപ്പണം ശൈത്വാന് സഹിക്കാൻ സാധിക്കുന്നതിലപ്പുറമായിരുന്നുവല്ലോ. മനുഷ്യൻ അല്ലാഹുവിനോടുള്ള അനുസരണത്തിൽ വിജയിക്കുമ്പോഴെല്ലാം പിശാച് അസ്വസ്ഥനാവും. മനുഷ്യനെ വഴിതെറ്റിക്കാൻ പരമാവധി ശ്രമിക്കും. പലരും അവന്റെ കുതന്ത്രത്തിൽ കുടുങ്ങും.
എന്നാൽ ഇത്തവണ പിശാച് പൂർണമായും നിരാശനാവുകയായിരുന്നു. ഇബ്റാഹീം പ്രവാചകൻ അവന്റെ ദുർബോധനങ്ങളെ തീർത്തും പരാജയപ്പെ ടുത്തി. ആ സംഭവത്തിന്റെ പ്രതീകാത്മക ആവർത്തനവും അതീവ പ്രതിഫലനാത്മകമായ ആരാധനയുമാണ് ജംറയിലെ കല്ലേറ്. ഇബ്റാഹീം പ്രവാചകനെ പിഴപ്പിക്കാൻ പുറപ്പെട്ട പിശാചിനെ നാമിനി കല്ലെറിയേണ്ടതില്ല. അതിനെ അദ്ദേ ഹംതന്നെ എതിർത്ത് തോൽപിച്ചിരിക്കുന്നു. അതിനാൽ, നാം കല്ലെറിയേണ്ടത് നമ്മിലെ പിശാചിനെയാണ്. ഏതാണ് ആ പിശാച് ഓരോ തീർഥാടകനും തന്നിലെ പിശാചേതെന്ന് പരതണം. സത്യപാതയിൽ നിന്ന് തന്നെ തെറ്റിക്കുന്ന ദൗർബല്യമേതെന്ന് കണ്ടെത്തണം. പലർക്കുമത് പലതായിരിക്കാം. സമ്പത്തി നോടുള്ള സ്നേഹം, കുടുംബത്തോടുള്ള പ്രേമം, സ്ഥാനമാനങ്ങൾക്കുള്ള മോഹം, പ്രശസ്തിക്കുള്ള പുതി, ദേഹേച്ഛയോടുള്ള അടിമത്തം അങ്ങനെ പലതും മനുഷ്യനെ ദൈവമാർഗത്തിൽനിന്ന് വ്യതിചലിപ്പിക്കുന്നു. അല്ലാഹുവിനുള്ള സമ്പൂർണ സമർപ്പണത്തിൽ നിന്നവനെ തടയുന്നു. ഓരോ ഹാജിയും തന്നെ പിടികൂടാറുള്ള പിശാചിനെ കണ്ടെത്തണം. അങ്ങനെ തന്റെ ശത്രുവെ തിരിച്ചറിഞ്ഞ് അതിനെ കല്ലെറിയണം. തന്നെ നശിപ്പിക്കാനൊരുമ്പെട്ട പിശാചിനെ അമ്പെയ്യുകയും വെടിവെച്ച് തകർക്കുകയുമാണെന്ന ദൃഢനിശ്ചയത്തോടെയാണ് ജംറകളിൽ കല്ലെറിയേണ്ടത്. താൻ എറിഞ്ഞാട്ടുന്ന പിശാചിനെ തന്നിലേക്ക് തന്നെ തിരിച്ചുവരാനനുവദിക്കില്ലെന്ന തീരുമാനവും അനിവാര്യമാണ്. ഈ ബോധത്തിന്റെ അഭാവത്തിൽ ഏഴല്ല എഴുന്നൂറ് കല്ലെറിഞ്ഞിട്ടും ജീവിതത്തിലത് പ്രത്യേകിച്ചൊരു പ്രതിഫലനവും സൃഷ്ടിക്കുകയില്ല. കല്ലെറിയുമ്പോൾ ഉരുവിടുന്ന അല്ലാഹു അക്ബർ (അല്ലാഹുവാണ് ഏറ്റവും വലിയവൻ) സ്വന്തം ജീവിതത്തിൽ സാർഥകമാക്കാൻ തടസ്സം സൃഷ്ടിക്കുന്ന സാത്താനെ തോൽ പിക്കാൻ തീരുമാനിച്ചില്ലെങ്കിൽ ഏതൊരു പിശാചിനെയാണോ എറിയുന്നത് അത് എറിയാൻ നീട്ടുന്ന കൈയിലൂടെ നമ്മിൽ കയറിപ്പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്.
ദുൽഹജ്ജ് 10-ന് ജംറതുൽ അഖബയിൽ മാത്രമേ കല്ലെറിയേണ്ടതുള്ളൂ. ആദ്യമെറിയുന്നത് വലിയ പിശാചിനെത്തന്നെയാവട്ടെ. മനസ്സിലെ വലിയ വിഗ്രഹം ആദ്യം തകർക്കപ്പെടട്ടെ.
ഞങ്ങൾ കല്ലെറിയാനെത്തിയപ്പോൾ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. കല്ലുകൾ നഷ്ടപ്പെടാതെ സൂക്ഷിക്കുക, തിക്കിത്തിരക്കാതെ കല്ലെറിയുക -ശ്രമ കരമായ ജോലിയായിരുന്നു ഇത്. എങ്കിലും ഏറെ പ്രയാസപ്പെടാതെ ഞങ്ങൾ കല്ലേറ് നിർവഹിച്ച് ആൾക്കൂട്ടത്തിൽ നിന്ന് പുറത്തുവന്നു.
കടലമണിയോളം വലുപ്പമുള്ള ചരൽക്കല്ലുകളാണ് ജംറകളിൽ എറിയാനു പയോഗിക്കുക. പലരും ധരിച്ചതുപോലെ കല്ലുകൾ കഴുകേണ്ടതില്ല. പെരുന്നാൾ രാവ് പാതി പിന്നിടുന്നതോടെ കല്ലേറിന്റെ സമയമായി. സൂര്യസ്തമയത്തോടെ അവസാനിക്കുകയും ചെയ്യും. എന്നാൽ, ഏറ്റവും ശ്രേഷ്ഠമായ സമയം സൂര്യോ ദയം മുതൽ മധ്യാഹ്നം വരെയാണ്. നബി ദുൽഹജ്ജ് പത്തിന് സൂര്യോദയത്തിന് ശേഷമാണ് കല്ലെറിഞ്ഞത്. അതോടൊപ്പം സ്ത്രീകളെയും വൃദ്ധരെയും രോഗികളെയും അർധരാത്രിക്കുശേഷം എറിയാൻ അനുവദിക്കുകയും ചെയ്തു.
കിണറിന്റെ ചുറ്റുമതിൽ പോലെ നിലത്തുനിന്ന് കെട്ടിപ്പൊക്കിയ ഒരു തളവും അതിന്റെ നടുവിൽ ഒരു സ്തൂപവുമാണ് ജംറ. പിശാചിന്റെ പ്രതീകമായ ആ തൂണിനെയാണ് എറിയേണ്ടത്. തിക്കിലും തിരക്കിലും കല്ല് താഴെ വീഴാൻ സാധ്യ തയുള്ളതിനാൽ ആവശ്യത്തെക്കാൾ കൂടുതൽ കൈവശം വെക്കാറാണ് പതിവ്.
ഇനി തല മുണ്ഡനം ചെയ്യണം. മുടി മുറിച്ചാലും മതി. എന്നാൽ കൂടുതൽ ശ്രേഷ്ഠം മുണ്ഡനമാണ്. അങ്ങനെ ചെയ്തവർക്ക് നബി തിരുമേനി മൂന്നു തവണ പ്രാർഥിച്ചപ്പോൾ മുടി മുറിച്ചവർക്ക് ഒരു പ്രവാശ്യമേ പ്രാർഥിച്ചുള്ളൂ.
സ്ത്രീകൾ മുടിയുടെ അറ്റത്തുനിന്ന് ഒരു വിരൽത്തുമ്പോളം മുറിച്ചുമാറ്റിയാൽ മതി. മുടി നീക്കം ചെയ്യുന്നതോടെ സ്ത്രീ-പുരുഷ ബന്ധമൊഴികെ ഇഹ്റാം കൊണ്ട് നിഷിദ്ധമായതെല്ലാം അനുവദനീയമായിത്തീരുന്നു. അതാണ് ആദ്യത്തെ തഹല്ലുൽ (ഒഴിവാകൽ).
അവശേഷിക്കുന്ന കർമം ത്വവാഫുൽ ഇഫാദയാണ്. അത് നീട്ടിവെക്കുന്നിന് വിരോധമില്ല. എങ്കിലും പെരുന്നാൾ ദിനം തന്നെ നിർവഹിക്കുന്നതാണുത്തമം. അതിനാൽ ഞങ്ങൾ സമയമൊട്ടും പാഴാക്കാതെ മക്കയിലേക്ക് പുറപ്പെട്ടു.
തവാഫുൽ ഇഫാദ ഹജ്ജിലെ നിർബന്ധ കർമമാണ്. മക്കയിലെത്തിയപ്പോൾ അവിടം ജനനിബിഡമായിരുന്നു. അതിനാൽ ത്വവാഫും സഅയും പൂർത്തിയാക്കാൻ മൂന്നു മണിക്കൂറിലേറെ സമയം വേണ്ടിവന്നു. അങ്ങനെ അന്നത്തെ കർമങ്ങളെല്ലാം പൂർത്തീകരിച്ച് ഇഹ്റാമിൽ നിന്ന് പൂർണമായും ഒഴിവായപ്പോഴേക്കും മധ്യാഹ്ന നമസ്കാരത്തിന് സമയമായി. അതുകൂടി നിർവഹിച്ച് പുറത്തിറങ്ങിയപ്പോഴാണ് വിശപ്പിനെയും ദാഹത്തിനെയും പറ്റി ബോധമുണ്ടായത്. ഭക്ഷണം കഴിച്ചത് തലേന്നാൾ മധ്യാഹ്നത്തിനുമുമ്പ് അറഫയിൽ നിന്നായിരുന്നു. ഒരു ദിവസം പൂർണമായും പിന്നിട്ടിട്ടും അതെക്കുറിച്ച് ചിന്ത പെരുന്നാൾ ദിനത്തിലെ കർമങ്ങൾ പൂർത്തിയാവുന്നതു വരെ മനസ്സിലേക്ക് കടന്നുവന്നില്ല. പിന്നിട്ട രാത്രി ഒരൊറ്റ നിമിഷം പോലും കിടന്നുറങ്ങിയിരുന്നില്ല. എന്നിട്ടും ഞങ്ങളിലെ സ്ത്രീകളും വയോധികരും വരെ വളരെ ഉന്മേഷവാന്മാരായിരുന്നു. ശാരീരികാവശ്യങ്ങളെ വിസ്മരിപ്പിക്കുംവിധം ഹജ്ജ് കർമങ്ങൾ ജാഗ്രതയോടെ നിർവഹിക്കാനുള്ള തിടുക്കമാണല്ലോ മനസ്സിൽ നിറഞ്ഞുനിന്നിരുന്നത്. എല്ലാം അനായാസമായി പൂർത്തീകരിക്കാൻ കഴിഞ്ഞതിൽ പ്രപഞ്ചനാഥനെ സ്തുതിച്ചും ആശ്വാസത്തിന്റെ നെടുവീർപ്പിട്ടും ഞങ്ങൾ ഉച്ച ഭക്ഷണവും തേടിയിറങ്ങി.