Back To Top

 ഇഹ്റാം, ത്വവാഫ്, സഅ് യ്

ഇഹ്റാം, ത്വവാഫ്, സഅ് യ്

Spread the love

ഇഹ്റാമിനു മുമ്പ് ചെയ്യേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്.

1. നഖം മുറിക്കുക, മീശ വെട്ടുക, കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും രോമം നീക്കുക.

2. സൗകര്യമുണ്ടെങ്കിൽ ശരീരമാസകലം കഴുകുക; കുളിച്ചില്ലെങ്കിലും വിരോധമില്ല (കുളി സുന്നത്താണ്; ആർത്തവകാരികൾക്കും പ്രസവരക്തമുള്ളവർക്കും വരെ).

3. പുരുഷൻ എല്ലാ തുന്നിയ വസ്ത്രങ്ങളും അഴിച്ചുവെച്ച് ഇഹ്റാമിന്റെ വസ്ത്രം ധരിക്കണം.

4. സ്ത്രീക്ക് പ്രത്യേക ഇഹ്റാം വേഷമില്ലെന്ന് പറഞ്ഞുവല്ലോ. മുഖവും മുൻകൈയും ഒഴികെയുള്ള ഭാഗങ്ങൾ നന്നായി മറയുന്ന ലളിതമായ ഏതു വേഷവുമാകാം. അത്യാവശ്യമാകുമ്പോൾ ധരിച്ച വസ്ത്രത്തിന്റെ തലകൊണ്ട് താൽക്കാലികമായി മുഖവും കൈകാലും മറയ്ക്കാവുന്നതാണ്. പ്രത്യേകം വേഷമില്ല എന്നതിന്റെ അർഥം അവൾ എന്നും ഇഹ്റാമിലാണ് എന്നതത്രെ. സ്ത്രീകളുടെ ജിഹാദായ ഹജ്ജിന് അവൾക്ക് പ്രത്യേകം യൂനിഫോം വേണ്ട. അവൾ എന്നോ യൂനിഫോമണിഞ്ഞ് പടക്ക് തയാറായി നിൽക്കുന്നവളാണ്. അതുകൊണ്ടു തന്നെയാണ് പാശ്ചാത്യർ മുസ്ലിം സ്ത്രീയുടെ മാന്യമായ വേഷവിധാനത്തോട് കുരിശുയുദ്ധം നടത്തുന്നതും.

5. കുളിച്ചതിനു ശേഷം പുരുഷൻ ശരീരത്തിൽ മാത്രം സുഗന്ധം പൂശുക; ഇഹ്റാം വസ്ത്രത്തിൽ പൂശുകയോ സ്പ്രേ ചെയ്യുകയോ അരുത്. സ്ത്രീ ഉപയോഗിക്കുന്ന സുഗന്ധം വല്ലാതെ വെളിയിലേക്ക് മണക്കുന്നതാകരുത് (ആഇശ (റ) പ്രവാചകന്ന് പൂശിക്കൊടുത്ത സുഗന്ധങ്ങളിൽ ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത കസ്തൂരിയും ഉണ്ടായിരുന്നുവത്രെ!).

6. ആദ്യം ഉംറ ചെയ്ത് ഇഹ്റാമിൽനിന്ന് വിരമിക്കുകയും സമയമാകുമ്പോൾ വീണ്ടും ഇഹ്റാം ചെയ്ത് ഹജ്ജ് നിർവഹിക്കുകയും (തമത്തുഅ്) ചെയ്യുക. ഉംറ കഴിഞ്ഞിട്ടും ഇഹ്റാമിൽനിന്ന് വിരമിക്കാതെ അതേ ഇഹ്റാമിൽ തന്നെ ഹജ്ജ് നിർവഹിക്കുക (ഖിറാൻ), ഉംറ ചെയ്യാതെ ഹജ്ജിന് മാത്രമായി ഇഹ്റാം ചെയ്യുക (ഇഫ്റാദ്), ഈ മൂന്നു രീതികളിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുത്തതിനു ശേഷമായിരിക്കണം ഇഹ്റാം ചെയ്യുന്നത്. ആദ്യത്തെ രീതിയാണ് നബി (സ) തെരഞ്ഞെടുത്തതും കൂടുതൽ ശ്രേഷ്ഠമായിട്ടുള്ളതും എന്നതിനാൽ അതിനെ ആസ്പദമാക്കിയുള്ള വിവരണമാണ് ഇവിടെ നൽകിയിരിക്കുന്നത്.

7. മേൽകാര്യങ്ങൾക്കുശേഷം ചെയ്യാൻ പോകുന്ന കാര്യത്തിലേക്ക് പ്രവേശിക്കുന്നതായി ദൃഢനിശ്ചയം ചെയ്യുക (നിയ്യത്ത് വെക്കുക. പ്രത്യേകിച്ചെന്തെങ്കിലും ചൊല്ലേണ്ടതില്ല. നിയ്യത്ത് വെക്കുന്നത് ഒരു ഫർദ് നമസ്കാരത്തിനു ശേഷമാകുന്നത് നല്ലതാണ്. അതിനു സൗകര്യപ്പെട്ടില്ലെങ്കിൽ വുദൂ എടുത്ത് രണ്ടു റക്അത്ത് വുദൂവിന്റെ സുന്നത്ത് നമസ്കരിച്ചതിനു ശേഷമാകട്ടെ. ഇഹ്റാമിനായിട്ട് പ്രത്യേകം നമസ്കാരമില്ല.

8. നിയ്യത്തിനുശേഷം “അല്ലാഹുവിന്റെ വിളികേട്ട് ഞാനിതാ വരുന്നേ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുക. ഇതിന് തൽബിയത്ത് എന്നുപറയുന്നു. താഴെ കൊടുത്ത വാക്കുകളാണ് അതിനു പറയേണ്ടത്.
لبيك اللهم لبيك لا شريك لك لبيك إن الحمد والنعمة لك والملك لا شريك لك
ഇഹ്റാം മുതൽ മക്കയിലെത്തി ത്വവാഫ് തുടങ്ങുന്നതുവരെയാണ് ഉംറയിൽ തൽബിയത്ത് ചൊല്ലിക്കൊണ്ടിരിക്കേണ്ട സമയം ഹജ്ജിൽ അത് പകുതിയോളം വരെയാണ്; അതായത് ആദ്യത്തെ കല്ലേറ് വരെ.

ഇഹ്റാമിൽ അരുതാത്തത്
മീഖാത്തിൽ വെച്ച് ഇഹ്റാം ചെയ്താൽ പിന്നെ താഴെ പറയുന്ന കാര്യങ്ങൾ നിഷിദ്ധമാകുന്നു.

– ഹജ്ജിൽ പ്രവേശിച്ചാൽ പിന്നെ സ്ത്രീ-പുരുഷ വേഴ്ചയോ ദുർവൃത്തിയോ വഴക്കോ പാടില്ല (അൽബഖറ: 197).

– മുടി മുറിക്കുകയോ നഖം വെട്ടുകയോ ചെയ്യുക. അത് തനിയെ പൊഴിഞ്ഞാ മുറിഞ്ഞാ പോയി, അല്ലെങ്കിൽ മറന്നു കൊണ്ടോ വിവരമില്ലാതെയോ സ്വയം ചെയ്തുപോയി; എങ്കിൽ പ്രതിവിധി ഒന്നും വേണ്ട.

– ശരീരത്തിലോ വസ്ത്രത്തിലോ സുഗന്ധം പൂശുക. നേരത്തേ പൂശിയതിന്റെ വാസന അവശേഷിക്കുന്നതുകൊണ്ട് കുഴപ്പമില്ല.

– സംയോഗം, കാമാസക്തിയോടു കൂടിയ പെരുമാറ്റം, വിവാഹം, വിവാഹാലോചന തുടങ്ങിയവ.

– പുരുഷന്മാർ തൊപ്പി, തലപ്പാവ്, തലയിൽ കെട്ട്, ടവൽ തുടങ്ങിയവകൊണ്ട് തലമറയ്ക്കുക.

– തുന്നിയ വസ്ത്രങ്ങൾ ധരിക്കുക.

ഇഹ്റാമിൽ അനുവദനീയമായത്
– വാച്ച്, ശ്രവണയന്ത്രം, മോതിരം, ചെരിപ്പ്, കണ്ണട, ബെൽറ്റ്, പണവും പേപ്പറുകളും വെക്കുന്ന അരപ്പട്ട എന്നിവ ഉപയോഗിക്കാം.

– കുട ഉപയോഗിക്കാം; വാഹനങ്ങൾക്ക് മേൽക്കൂരയുണ്ടാവാം; സാധനങ്ങൾ തലയിൽ വെച്ച് ചുമക്കാം; മുറിവ് വെച്ചുകെട്ടാം.

– കുളിക്കാം; വസ്ത്രം കഴുകാം; തലകഴുകുമ്പോൾ സ്വാഭാവികമായി മുടി കൊഴിഞ്ഞാൽ കുഴപ്പമില്ല.

മക്കയിലെത്തിയാൽ
1. ത്വവാഫ്

– മസ്ജിദുൽ ഹറാമിലേക്ക് പോകുന്നതിനുമുമ്പ് കുളിക്കുന്നത് അഭികാമ്യമാണ്.

– വലതുകാൽ വെച്ചു വേണം പ്രവേശിക്കാൻ സാധാരണ പള്ളികളിൽ പ്രവേശിക്കുമ്പോഴുള്ള പ്രാർഥന ഇവിടെയും ചൊല്ലണം.

– എന്നിട്ട് ത്വവാഫിനായി കഅ്ബയുടെ നേരെ നീങ്ങുക. പുതച്ചിരിക്കുന്ന രണ്ടാം മുണ്ടിന്റെ മധ്യം വലതുകക്ഷത്തിലൂടെ എടുത്ത് വലതു ചുമൽ നഗ്നമാക്കുക. ഇതിന് ഇള്തിബാഅ് എന്നു പറയുന്നു. മക്കയിലെത്തി ആദ്യം ചെയ്യുന്ന ത്വവാഫിനും ഉംറയിലെ ത്വവാഫിനും മാത്രമേ ഇത് വേണ്ടതുള്ളൂ.

– ഹജറുൽ അസ് വദിന്റെ നേരെ വന്ന് അതിനെ നോക്കി കൈ അനക്കി മുന്നോട്ടു നീങ്ങുക (തിക്കിത്തിരക്കാതെ അടുത്തു ചെന്ന് ചുംബിക്കാൻ കഴിയുമെങ്കിൽ മാത്രം അതാണുത്തമം). അങ്ങനെ കഅ്ബ ഇടതുഭാഗത്തായി മുന്നോട്ടു നടന്ന് നാലാമത്തെ മൂലയിൽ (റുക്നുൽ യമാനി) എത്തുമ്പോൾ അടുത്ത മൂലയിൽ (ഹജറുൽ അസ് വദ്) എത്തുന്നതുവരെ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الْآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ എന്ന പ്രാർഥന ചൊല്ലിക്കൊണ്ടിരിക്കുക. മറ്റു മൂന്നു ഭാഗത്തും ശബ്ദമുയർത്താതെ ഖുർആൻ ഓതുക, ദിക്റുകൾ ഉരുവിടുക, ഇസ്തിഗ്ഫാർ (പാപമോചനം തേടുക) ചെയ്യുക, അകമഴിഞ്ഞ് അല്ലാഹുവിനോട് പറയാനുള്ളത് പറയുക. റുക്നുൽ യമാനിയിൽ ഒന്നും ചെയ്യാനില്ല. അങ്ങനെ ഏഴുവട്ടം ചുറ്റണം. തിരക്കു കൂടുമ്പോൾ വട്ടത്തിന്റെ വലിപ്പം കൂടുകയും കൂടുതൽ നടക്കുകയും വേണ്ടിവരും. നടക്കാൻ കഴിയാത്തവർക്ക് വീൽചെയറുകളും കട്ടിലിലിരുത്തി ഏറ്റിക്കൊണ്ടുപോകുന്നവരും ലഭ്യമാണ്. മറ്റുള്ളവരെ തിരക്കാതിരിക്കാനും അന്യർക്ക് ശല്യമാകാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ആദ്യത്തെ ആഗമനത്വവാഫിൽ ആദ്യത്തെ മൂന്നുവട്ടം പതുക്കെ ഓടുന്നതുപോലെ ഒന്നുഷാറായി നടക്കൽ സുന്നത്താണ്; പുരുഷന്മാർക്കു മാത്രം.

– ത്വവാഫ് കഴിഞ്ഞാൽ ചുമൽ മൂടുക. മഖാമു ഇബ്റാഹീമിന്റെ പിന്നിലായി സാധ്യമല്ലെങ്കിൽ മറ്റെവിടെയെങ്കിലും വെച്ച് രണ്ടു റക്അത്ത് നമസ്കരിക്കൽ സുന്നത്താണ്. ഒന്നാമത്തെ റക് അത്തിൽ ഫാത്തിഹക്കുശേഷം അൽകാഫിറൂനും രണ്ടാമത്തേതിൽ ഇഖ്ലാമാണ് ഓതേണ്ടത്.

– അൽപം സംസം വെള്ളം പ്രാർഥനയോടെ കുടിച്ച് സഅ് യിന് സ്വഫാ ഭാഗത്തേക്ക് പോവുക.

2. സഅ് യ്
തമ്മിൽ 450 മീറ്റർ അകലമുള്ള രണ്ടു ചെറുകുന്നുകളാണ് സ്വഫായും മർവയും. ഇന്നിപ്പോൾ സ്വഫാ ഭാഗികമായും മർവ അടയാളത്തിലൂടെയും മാത്രമാണ് സംരക്ഷിക്കപ്പെട്ടിരിക്കുന്നത്. സ്വഫായിൽനിന്ന് മർവയിലേക്കു നാലും മർവയിൽനിന്ന് സ്വഫായിലേക്ക് മടങ്ങുന്ന മൂന്നും ചേർന്ന് അങ്ങോട്ടും ഇങ്ങോട്ടുമായി ഏഴു തവണ നടക്കുന്നതിനാണ് സഅ് യ് എന്ന് പറയുന്നത്. ത്വവാഫിലേതുപോലെത്തന്നെ സഅ് യിലും ഖുർആൻ പാരായണവും പ്രാർഥനയും മറ്റും വേണം.

അധ്വാനപരിശ്രമങ്ങൾക്കാണ് അറബിയിൽ സഅ് യ് എന്നുപറയുക. ഒരു കാര്യസാധ്യത്തിനുവേണ്ടിയുള്ള ഗൗരവപൂർണമായ നടത്തവും അതിലുൾപ്പെടും. ചിന്താഗതി, മനഃസ്ഥിതി, ജീവിതരീതി എന്നിവയിലെ വ്യത്യാസമനുസരിച്ച് ആളുകളുടെ അധ്വാനപരിശ്രമങ്ങളും വ്യത്യസ്തമായിരിക്കും (92:4). ഓരോരുത്തർക്കും അവനവൻ അധ്വാനിച്ചതേ ഉണ്ടാവൂ; കാരണം അവയെല്ലാം തന്നെ അല്ലാഹുവിനാൽ നിരീക്ഷിക്കപ്പെടുന്നുണ്ട്. അവക്കെല്ലാം പൂർണമായ പ്രതിഫലം നൽകപ്പെടുന്നതുമാണ് (53:38-41). അധ്വാനത്തിന് പ്രതിഫലം നൽകാൻ വേണ്ടി പറ്റിയ ഒരു ലോകം വരാനിരിക്കുന്നു (20:15); അന്ന് മനുഷ്യൻ സ്വയം തന്നെ തന്റെ ഭൂമിയിലെ സഅ് യുകൾ ഓർക്കും (79:34-35); അവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള സൽക്കർമങ്ങൾ ആയിരുന്നെങ്കിൽ അവനോട് നന്ദികേട് കാണിക്കുകയില്ല (21:94); അവന്ന് കിട്ടുന്നത് കൃതജ്ഞത മാത്രമായിരിക്കും (17:19, 76:22). മനുഷ്യൻ സംതൃപ്തനാകും; അതിനാൽ പരലോകം ലക്ഷ്യം വെക്കുന്നവർ അതിന്റേതായ സഅ് യ് നടത്തട്ടെ (17:19). മേൽ സൂക്തങ്ങളിലുടനീളം ഉപയോഗിച്ച സഅ് യ് എന്ന വാക്കാണ് സ്വഫാ-മർവ ക്കിടയിലെ നടത്തത്തിന് പേരായി സ്വീകരിച്ചിരിക്കുന്നത് എന്നത് ഗൗരവപൂർവം കണക്കിലെടുക്കണം. പരലോകത്തെ ദാഹജലവും ഹൗദുൽ കൗസറും തേടിയുള്ള അലച്ചിലിന് ഇനിമുതൽ തയാറാണ് എന്നതിന്റെ പ്രകടനമാകുന്നില്ലെങ്കിൽ 3150 (450×7) മീറ്റർ നടന്നതു കൊണ്ട് വലിയ കാര്യമൊന്നും ഉണ്ടാകാനിടയില്ല.

സഅ് യ് താഴെ കാണിച്ചവിധം സ്വഫായിൽ ആരംഭിച്ച് ഏഴാം വട്ടം മർവയിൽ അവസാനിക്കുന്നു.

1. സ്വഫായിൽനിന്ന് മർവയിലേക്ക്
2. മർവയിൽനിന്ന് സ്വഫായിലേക്ക്
3. സ്വഫായിൽനിന്ന് മർവയിലേക്ക്
4. മർവയിൽനിന്ന് സ്വഫായിലേക്ക്
5. സ്വഫായിൽനിന്ന് മർവയിലേക്ക്
6. മർവയിൽനിന്ന് സ്വഫായിലേക്ക്
7. സ്വഫായിൽനിന്ന് മർവയിലേക്ക്

– സഅ് യിന്നായി സ്വഫായ സമീപിക്കുമ്പോൾ إِنَّ ٱلصَّفَا وَٱلْمَرْوَةَ مِن شَعَآئِرِ ٱللَّهِ എന്ന സൂക്തം (2:158) ഓതുക.

– എന്നിട്ട് സ്വഫായിൽ കയറി കഅ്ബക്കുനേരെ തിരിഞ്ഞ് അൽ ഹംദുലില്ലാഹ് എന്നും അല്ലാഹു അക്ബ‌ർ എന്നും മൂന്നുപ്രാവശ്യം വീതം പറയുകയും കൈയുയർത്തി ധാരാളമായി പ്രാർഥിക്കുകയും ചെയ്യുക. ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു ലഹുൽ മുൽകു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഈൻ ഖദീർ എന്ന ദിക് ചൊല്ലിക്കൊണ്ടായിരിക്കണം പ്രാർഥന തുടങ്ങേണ്ടത്.

– സ്വഫായിൽനിന്നിറങ്ങി മർവയുടെ നേരെ നടക്കുക. പച്ചവെളിച്ചം കത്തുന്ന തൂണിനടുത്തെത്തിയാൽ പുരുഷന്മാർ അടുത്ത പച്ചത്തൂൺ എത്തുന്നതുവരെ ഓടണം.

– മർവയിലെത്തിയാൽ സ്വഫായിൽ ചെയ്തതുപോലെ പറയുകയും പ്രാർഥിക്കുകയും ചെയ്യുക. ആ സമയത്ത് ഓടേണ്ടതില്ല. എന്നിട്ട് അവിടെനിന്നിറങ്ങി സ്വഫായിലേക്ക് നടക്കുക (പച്ചത്തുണിനടുത്ത് എത്തുമ്പോൾ ഓടുക). അങ്ങനെ ഏഴാമത്തെ തവണ മർവയിൽ എത്തുന്നതോടെ സഅ് യ് നിർത്തുക.

– ആർത്തവവും നിഫാസുമുള്ള സ്ത്രീകൾക്കും സഅ് യ് ചെയ്യാവുന്നതാണ്.

– പച്ചത്തൂണുകൾക്കിടയിൽ അവർ ഓടേണ്ടതില്ല.

ഉംറയുടെ സമാപനം
• ഏഴാമത്തെ സഅ് യിനു ശേഷം മുടി മുറിക്കുക. മുടി മുഴുവൻ എടുക്കുന്നതാണ് ഉത്തമം. സ്ത്രീകൾ ഒരു വിരലിന്റെ നീളത്തിൽ അൽപം മുടി മുറിക്കുകയാണ് വേണ്ടത്.

• ഇതോടെ ഉംറ പൂർത്തിയായി; ഇഹ്റാമിന്റെ അവസ്ഥ അവസാനിച്ചു. പൂർവസ്ഥിതിയിലായി. ഇതിനാണ് തഹല്ലുൽ ആവുക എന്നുപറയുന്നത്.

ഉംറക്കും ഹജ്ജിനുമിടയിൽ
ഉംറ കഴിഞ്ഞ് ഹജ്ജിനായി കാത്തിരിക്കുന്ന ദിവസങ്ങൾ താഴെ പറയുന്നതുപോലെ പ്രയോജനപ്പെടുത്തുക.

– പതിനായിരങ്ങൾക്ക് ആഗ്രഹിച്ചിട്ടും ശ്രമിച്ചിട്ടും കിട്ടാതെ പോയ ഒരു കനകാവസരമാണ് കൈവന്നിരിക്കുന്നതെന്ന കാര്യം മറക്കാതിരിക്കുക. അതിലെ ഒരു നിമിഷവും പാഴായിപ്പോകാൻ അനുവദിക്കാതിരിക്കുക.

– അഞ്ചു നേരത്തെയും നമസ്കാരങ്ങൾ സുന്നത്തുകളടക്കം മസ്ജിദുൽ ഹറാമിൽ വെച്ചുതന്നെ നമസ്കരിക്കാനുള്ള നിർബന്ധ ബുദ്ധിയോടെ, അതിന് തടസ്സം വരാത്ത രീതിയിൽ ബാക്കി കാര്യങ്ങൾക്ക് ഒരു സമയബന്ധിതമായ ചിട്ടയുണ്ടാക്കുക; അത് തെറ്റിക്കാതിരിക്കുക.

– പറയത്തക്ക ഒരു വിഷമവും കൂടാതെ ഹജ്ജ് ചെയ്ത് തിരിച്ചുപോയി ഉറ്റവരും ഉടയവരുമായി സന്ധിക്കാൻ ആവശ്യമായ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർഥിക്കുക.

– ആരോഗ്യസംരക്ഷണത്തിനുതകുന്നതും മക്കയിലെയും മറ്റും കാലാവസ്ഥക്കനുഗുണമായതുമായ ഭക്ഷണം കൃത്യമായി കഴിക്കുക. കുകംബർ, കാരറ്റ്, ലത്തൂസ് ഇലകൾ എന്നിവ പതിവായി കഴിക്കുക. സംസം ധാരാളമായി കുടിക്കുക. ഈത്തപ്പഴത്തിൽ അടങ്ങിയ ഗ്ലൂക്കോസ് ശരീരത്തിൽ വളരെ വേഗം പ്രസരിക്കുന്നതിനാൽ പെട്ടെന്ന് ക്ഷീണം മാറാൻ അത്യുത്തമമാണത്.

– പതിവായി മരുന്നുപയോഗിക്കുന്നവർ ക്രമം തെറ്റാതെ കഴിക്കുക. കാര്യമായ ക്ഷീണമോ രോഗലക്ഷണമോ കണ്ടാൽ വെച്ചു കൊണ്ടിരിക്കാതെ ഉടനെ പ്രതിവിധി കാണണം.

– ആവശ്യത്തിന് ഉറങ്ങണം. അന്തംവിട്ട് ഉറങ്ങുകയുമരുത്. ഉച്ച ഭക്ഷണത്തിനുശേഷം അസ്റിനു മുമ്പായി ഉണരത്തക്ക രീതിയിൽ ഉറങ്ങുന്നത് (ഖൈലുല) രാതിനമസ്കാരത്തിന് (ഖിയാമുല്ലൈൽ) സഹായകമാവും. പോരാത്തതിന് അതൊരു സുന്നത്തുമാണ്.

– ഭക്ഷണത്തിനും വിശ്രമത്തിനും ആവശ്യമായത് കഴിച്ചുള്ള സമയം പരമാവധി ഹറമിൽ ചെലവഴിക്കാൻ ശ്രമിക്കുക. ത്വവാഫ്, ഖുർആൻ പാരായണം, ഖിയാമുല്ലൈൽ, ഇസ്തിഗ്ഫാർ, ദിക്ർ ദുആകൾ കൊണ്ട് ഇനിയുള്ള ദിവസങ്ങൾ നിർഭരമാകട്ടെ (ഫജ്റിന്റെ സുന്നത്തും വിത് റും യാത്രയിൽ പോലും പ്രവാചകൻ ഒഴിവാക്കിയിരുന്നില്ല. ഒരു നബിവചനത്തിലുണ്ട്: “ഈ ഭവനത്തിനു മീതെ ദിവസേന 120 റഹ്മത്തുകൾ ഇറങ്ങും. 60 എണ്ണം ത്വവാഫ് ചെയ്യുന്നവർക്കും 40 എണ്ണം നമസ്കരിക്കുന്നവർക്കും 20 എണ്ണം നോക്കിയും ആലോചിച്ചുമിരിക്കുന്നവർക്കും ഉള്ളതായിരിക്കും” (ഇബ്നു ഹിബ്ബാൻ, ബൈഹഖി)

– ഇടക്ക് അത്യാവശ്യം ഉംറകളുമാവാം; എന്നാലത് കഴിയുന്നത്ര എണ്ണം ചെയ്തുകൂട്ടേണ്ട ഒന്നല്ല. ഉംറ കഴിഞ്ഞ് ഹജ്ജിനു മുമ്പായി നാലു ദിവസത്തോളം മക്കയിലുണ്ടായിരുന്ന നബി (സ) ഒരൊറ്റ ഉംറയും നിർവഹിച്ചിരുന്നില്ല എന്നോർക്കണം.

– നല്ല പുസ്തകങ്ങൾ വായിക്കാനും പണ്ഡിതന്മാരുടെ ക്ലാസ്സുകൾ കേൾക്കാനും കിട്ടുന്ന അവസരങ്ങൾ പാഴാക്കരുത്.

– മക്കയിലും മറ്റു പരിസരപ്രദേശങ്ങളിലും ബന്ധുക്കളുള്ളവർ വല്ലപ്പോഴുമൊക്കെ അവരെ സന്ദർശിക്കുന്നത് നല്ല കാര്യമാണങ്കിലും ദിവസങ്ങളോളം ഹറമിൽ നിന്ന് വിട്ടുനിൽക്കുന്നത് ഒഴിവാക്കേണ്ടതാണ്. ബന്ധുമിത്രാദികളുടെ വീടുകളിൽ വെച്ച് പേരക്കിടാങ്ങളെ കളിപ്പിക്കാനും ടി.വി. കണ്ടിരിക്കാനും കിടന്നുറങ്ങാനുമൊക്കെ സമയം ചെലവഴിക്കുകയും വെള്ളിയാഴ്ച ഹറമിലൊന്ന് വന്നുപോവുകയും ചെയ്യുന്ന ഒരു ദുഷ്പ്രവണത ഈയിടെയായി കണ്ടുവരുന്നുണ്ട്.

– ആരോഗ്യമുള്ളവർ രോഗികളെയും പ്രായമായവരെയും സഹായിക്കാനും അവരുടെ താമസസ്ഥലങ്ങളിൽ ചെന്ന് സുഖവിവരങ്ങൾ തിരക്കാനും സമയം കാണണം. അതും ഇബാദത്താണ് ഇഅ്തികാഫിനേക്കാൾ കൂലിയുള്ളതും.

വിവിധ നാട്ടുകാരായ വ്യത്യസ്ത മനുഷ്യരെ കാണുമ്പോൾ പുഞ്ചിരിക്കുകയും സലാം പറയുകയും കൈപിടിച്ചുകുലുക്കുകയും മറ്റും വേണം. ഭാഷ തടസ്സമല്ല (ഇന്തോനേഷ്യക്കാരന് സലാം ചൊല്ലി, ഇന്ത്യ എന്നുപറയാൻ അറിയാത്തവരുണ്ടോ? സലാം മടക്കി ചിരിച്ചുകൊണ്ടയാൾ ഇന്തോനേഷ്യ എന്നു പറയില്ലേ? പറയും; ഒരു പാടാണതിന്റെ പ്രതിഫലം).

– ഏതു പ്രാർഥനയിലും മസ്ജിദുൽ അഖ്സ്വായുടെയും മുസ്ലിം നാടുകളുടെയും മോചനവും ഇസ്ലാമിന്റെ വിജയവും ഉൾപ്പെടുത്തണം.

🪀 കൂടുതല്‍ വായനക്ക്‌ 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

 

Prev Post

വിശുദ്ധ കഅ്ബ ചരിത്രത്തിലൂടെ

Next Post

പരലോകത്തേക്കുള്ള പരിശീലനം

post-bars

Related post

You cannot copy content of this page