
ഹജ്ജ് തീർഥാടകരുടെ മുന്നൊരുക്കങ്ങൾ
ഹജ്ജിന് പുറപ്പെടുന്നതിനു മുമ്പുതന്നെ അതിനെക്കുറിച്ച് സാമാന്യം നന്നായി മനസ്സിലാക്കാൻ ശ്രമിക്കണം. പണ്ഡിതന്മാർ കൂട്ടത്തിലുണ്ടാകുന്നത് നല്ലതാണെങ്കിലും എപ്പോഴും എല്ലാറ്റിനും അവരെ ആശ്രയിക്കുന്നത് ബുദ്ധിമുട്ടാകും. സ്വയം തന്നെ അടിസ്ഥാന വിവരങ്ങൾ സ്വായത്തമാക്കിവെക്കുന്നതാണ് കൂടുതൽ കരണീയം. ഇപ്പറഞ്ഞത് ഹജ്ജ് ഒരാരാധന എന്ന നിലക്കുള്ള അതിലെ കർമങ്ങളെക്കുറിച്ചാണെങ്കിൽ ചുരുങ്ങിയത് തുടർന്ന് താഴെപ്പറയുന്ന നാലു തലക്കെട്ടുകളിൽ കൂടി ഹജ്ജി നെക്കുറിച്ച് അവബോധമുണ്ടാക്കിയെടുക്കാൻ ശ്രമിക്കണം:
– വിശുദ്ധഖുർആനിലെയും തിരുസുന്നത്തിലെയും പരാമർശങ്ങളുടെ അടിസ്ഥാനത്തിൽ.
– ഇബ്റാഹീമീ ചരിത്രപശ്ചാത്തലത്തിൽ,
– ഇബ്റാഹീമീ മില്ലത്തിന്റെ നവോത്ഥാനത്തിനും കഅ്ബയുടെ വീണ്ടെടുപ്പിനുമായി മുഹമ്മദ് (സ) അർപ്പിച്ചിട്ടുള്ള ത്യാഗപരിശ്രമങ്ങളുടെ വെളിച്ചത്തിൽ.
– സമകാലീന മുസ്ലിം യാഥാർഥ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ.
എങ്കിൽ മാത്രമേ ഹജ്ജ് ഒരു ചടങ്ങാകാതിരിക്കാനും അതിന്റെ ചുരും ചൈതന്യവും ഉൾക്കൊള്ളാനും കഴിയൂ.
– ഉത്തമകൃതികൾ (ഭാരം കുറഞ്ഞവ) കൈയിൽ കരുതുക. യാത്രയിൽ പലയിടത്തും ചിലപ്പോൾ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുമ്പോൾ പ്രയോജനപ്പെടും (റെയിൽവേ സ്റ്റേഷനുകളിൽവെച്ച് പാശ്ചാത്യ വിനോദസഞ്ചാരികളെ ശ്രദ്ധിച്ചിട്ടുണ്ടോ?) ഇരുഹറമുകളിലും മുസ്ഹഫ് സുലഭമാണെങ്കിലും മറ്റു സ്ഥലങ്ങളിലും സന്ദർഭങ്ങളിലും പ്രയോജനം ചെയ്യുന്നതിന് അക്ഷരസ്ഫുടതയുള്ള ഒരു മുസ്ഹഫ് നിർബന്ധമായും കരുതുക.
• യാത്രക്കുപയോഗിക്കുന്ന ‘മരുക്കപ്പലി’നാവശ്യമായ വിശ്രമവും വെള്ളവും തീറ്റയും നൽകണം, അമിതഭാരം കയറ്റരുത്, നട ന്നുകൊണ്ടിരിക്കുമ്പോഴല്ലെങ്കിൽ അതിന്റെ പുറത്തിരിക്കരുത്, അതിന് ദാഹിക്കുന്ന നേരത്ത് വുദൂ എടുക്കാനുള്ള വെള്ളമേയുള്ളൂ വെങ്കിൽ അത് ആ പാവം മൃഗത്തിനു കൊടുത്ത് യാത്രക്കാരൻ തയമ്മും ചെയ്യണം എന്നൊക്കെ പൂർവികന്മാർ നിർദേശിച്ചിട്ടുള്ളത് ഇക്കാലത്തെ യന്ത്രവാഹനങ്ങൾക്കും ബാധകമാണ്. അതിനും വേണമല്ലോ വിശ്രമവും വെള്ളവും ഓയിലും ഡീസലും സ്പെയർ പാർട്സും സ്റ്റെപ്പിനിയും ടൂൾസ് കിറ്റുമൊക്കെ. ഓവർലോഡും പാടി ല്ല. ഈ കാര്യങ്ങളിലൊന്നും “തവക്കുൽ’ പറ്റില്ല.
• മൂക്കറ്റം ആഹരിക്കുന്നതും ആഹാരത്തിൽ തന്നെ അത്യാവശ്യമല്ലാത്ത വൈവിധ്യം സ്വീകരിക്കുന്നതും ആഡംബരവും ഒഴിവാക്കേണ്ടതാണ്. ആരോഗ്യം നിലനിർത്തുന്നതും ക്ഷീണത്തെയും രോഗത്തെയും ചെറുക്കുന്നതുമായ ആഹാരം ആവശ്യത്തിന് മാത്രം കഴിക്കുക. ആഹാരശീലങ്ങളിലും രുചികളിലുമുള്ള കടുംപിടിത്തം യാത്രകളിലും അന്യനാടുകളിലും വെച്ച് ബലികഴിക്കേണ്ടിവരും. ‘കേരളീയ ഭക്ഷണമെന്നത് സ്വർഗത്തിലേതൊന്നുമല്ല. അക്കാര്യത്തിൽ ഹജ് ഗ്രൂപുകാർ മത്സരിക്കുന്നതും ഹാജിമാർ അന്നം കാണാത്തവരെപ്പോലെയും ആഹരിക്കാനായി വന്നപോലെയും പെരുമാറുന്നതും സംസാരിക്കുന്നതും ഇന്ന് അപൂർവമല്ലാതായിരിക്കുന്നു. വെള്ളമോ കാരക്കയോ പോലും ലഭ്യമല്ലാതിരുന്ന ഇബ്റാ ഹീമി(അ)നെയും മുഹമ്മദി(സ)നെയും അനുധാവനം ചെയ്യുന്നു എന്നവകാശപ്പെടുന്നവർക്കിത് ഭൂഷണമല്ല. ഹജ്ജിന്റെ ചൈതന്യത്തിന് ചേർന്നതുമല്ല.
– നിത്യോപയോഗ വസ്തുക്കൾ അനായാസം കൊണ്ടുനടക്കാവുന്ന ഹാന്റ് ബാഗുകളിൽ വെക്കുകയും അവ സ്വന്തമായി കൊണ്ടു നടക്കുകയും വേണം; ഭാര്യാഭർത്താക്കന്മാരായാൽ പോലും.
– സ്ഥിരമായി മരുന്നുപയോഗിക്കുന്നവർ ആവശ്യമായ അളവിൽ അവ കരുതിയിരിക്കണം. സുഊദി അറേബ്യയിൽ പൊതുവെ നാട്ടിനെ അപേക്ഷിച്ച് വില കൂടുതലാണ്. ഭാര്യമാർ വെള്ളവും മരുന്നും എടുത്തുതരുന്ന രീതിയും ഹാജിമാരുടെ സാധാരണ താമസസ്ഥലങ്ങളിൽ അപ്രായോഗികമാണെന്നുമോർക്കുക. സ്ഥിരം രോഗികളോ കൂടെക്കൂടെ രോഗം ശല്യം ചെയ്യുന്നവരോ ആണങ്കിൽ രോഗത്തിന്റെ ചരിത്രവും സ്വഭാവവും ചികിത്സയും ഹ്രസ്വമായി വിവരിക്കുന്ന ഒരു കുറിപ്പ് ഡോക്ടറെക്കൊണ്ടെഴുതിച്ച് കൈയിൽ കരുതാൻ മറക്കരുത്; അസുഖമുണ്ടായാൽ രോഗം മനസ്സിലാക്കാനും ചികിത്സ വിധിക്കാനും അന്യഭാഷക്കാരായ ഡോക്ടർമാർക്കത് സഹായകമാകും.
• എവിടെയും ആൾക്കൂട്ടങ്ങളായിരിക്കും. അതിനാൽ തന്നെ തിക്കും തിരക്കും ഒഴിവാക്കണം. അല്ലെങ്കിലത് അപകടങ്ങളിലകപ്പെടുത്തും. ഹറമിന് അകത്തുവെച്ചുപോലും പോക്കറ്റടിക്കപ്പെട്ടു എന്നു വരും; അതിനായി മാത്രം വരുന്ന അസാന്മാർഗികളുള്ളതിനാൽ.
– തർക്കവിതർക്കങ്ങളിൽ ഏർപ്പെടരുത്; അത് ഹജ്ജ്കാര്യങ്ങളെക്കുറിച്ചായാലും. ഹജ്ജിൽ പ്രവേശിച്ചാൽ പിന്നെ സ്ത്രീപുരുഷ വേഴ്ചയോ ദുർവൃത്തിയോ വഴക്കോ പാടില്ല.
( فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ 2:197) എന്നു പറഞ്ഞിട്ടുള്ളത് പുണ്യസ്ഥലങ്ങളിലേക്ക് മാത്രമുള്ളതല്ല.
• വിസർജനം ചെയ്യുന്നതിനും അംഗശുദ്ധി വരുത്തുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ലഭ്യമാകുന്ന ആദ്യത്തെ സൗകര്യം തന്നെ ഉപയോഗിക്കുക. അടുത്ത താവളത്തിലേക്ക് നീട്ടിവെക്കരുത്. അപ്രതീക്ഷിതമായത് പ്രതീക്ഷിക്കേണ്ട ഒന്നാണ് യാത്ര.
– വെള്ളമില്ല; അല്ലെങ്കിൽ ഉണ്ട്, പക്ഷേ തനിക്കോ സഹയാത്രികനോ സവാരി ചെയ്യുന്ന മൃഗത്തിനോ ദാഹിച്ചാൽ കുടിക്കാൻ അതേയുള്ളൂവെങ്കിൽ തയമ്മും ചെയ്യാം. തന്റെ കൂട്ടത്തിൽപെട്ടതോ പെടാത്തതോ ആയ ആർക്കെങ്കിലും ദാഹിക്കുമ്പോൾ വെള്ളം കൊണ്ട് വുദു എടുക്കുന്നത് ഹറാമാകുന്നു. എപ്പോൾ എവിടെവെച്ചായാലും വെള്ളം സൂക്ഷിച്ച് ചെലവഴിക്കണം. സഅദ് (റ) വുദൂ എടുത്തുകൊണ്ടിരിക്കുമ്പോൾ ദുർവ്യയം ചെയ്യരുത്’ എന്നു പ റഞ്ഞു നബി (സ). “അതിന് വുദൂവിലുമുണ്ടോ ദുർവ്യയവും മറ്റും എന്ന് സഅ്ദ് തിരിച്ചുചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: “ഉണ്ട്; നീ നിൽക്കുന്നത് ഒഴുകുന്ന പുഴയിലാണെങ്കിലും.
– ഹജ്ജിന് പോകുന്നവർക്ക് അതിനോടൊപ്പം കച്ചവടം കൂടി ചെയ്യാൻ അനുവാദ(ഖുർആൻ – 2:197)മുണ്ടെങ്കിലും അങ്ങോട്ടും ഇങ്ങോട്ടുമുള്ള ഇരുയാത്രകളും തങ്ങളുടെ കരങ്ങൾ വ്യാപാരച്ചരക്കുകളിൽനിന്ന് മുക്തമായിരിക്കുന്നതാണ് കൂടുതൽ ഉത്തമമെന്ന് പറഞ്ഞിട്ടുണ്ട് ഇമാം നവവി. ഹാജിയുടെ ശ്രദ്ധയും ശ്രമവും അതിലേക്കുകൂടി വിഭജിച്ചും വ്യതിചലിച്ചും പോകുമല്ലോ.
– യാത്രയിലുടനീളം പ്രാർഥിച്ചുകൊണ്ടിരിക്കണം. തനിക്കും വേണ്ടപ്പെട്ടവർക്കും വേണ്ടി മാത്രമല്ല, ഇസ്ലാമിക സമൂഹത്തിന്റെ ഇഹപര വിജയത്തിനും അവരുടെ നാടുകളുടെ വിശിഷ്യാ, പുണ്യ സ്ഥലങ്ങളുടെ വിമോചനത്തിനും നാട്ടിലും മറുനാട്ടിലും ശാന്തിയും സമാധാനവും സ്വരവും സ്വാതന്ത്ര്യവും പുലരുന്നതിനുമായിരിക്കണം പ്രാർഥിക്കുന്നത്. മറ്റുള്ളവർക്കുവേണ്ടി അവരുടെ അഭാവത്തിൽ പ്രാർഥിക്കുന്നതിന് പ്രത്യേകം പ്രതിഫലമുണ്ട്. അക്കൂട്ടത്തിൽ അവനവനുവേണ്ടിയുള്ള പ്രാർഥനകളും സ്വീകരിക്കപ്പെടും.
– യാത്രക്കാരന്റെ നമസ്കാരം സംബന്ധിച്ച പ്രവാചക മാതൃക ഖസ്വറും ജംഉമാണ്. അതായത് നാലു റക്അത്തുള്ളവ രണ്ടായി ചുരുക്കുകയും രണ്ടു നേരത്തുള്ളത് ഏതെങ്കിലുമൊന്നിന്റെ സമയത്ത് നമസ്കരിക്കുകയും ചെയ്യുക. ളുഹ്റും അസറും തമ്മിലും മഗ് രിബും ഇശാഉം തമ്മിലുമാണ് ഇങ്ങനെ ചെയ്യാവുന്നത്. അവയുടെ സുന്നത്തുകൾ യാത്രയിൽ പ്രവാചകൻ നിർവഹിച്ചിരുന്നില്ല. എന്നാൽ ഫജ്റിന്റെ സുന്നത്തും രാത്രിയിലെ വിത്റും യാത്രയിലും വിട്ടുകളഞ്ഞിരുന്നില്ല. ഫജ്റൊഴിച്ചുള്ള നാലു നേരങ്ങളിൽ ഏതെങ്കിലും ഒരു നേരത്ത് ആ നേരത്തെ നമസ്കാരം മാത്രമായി (ജംഅ് ആക്കാതെ) നിർവഹിച്ചത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
– ഹജ്ജ് വിശദീകരിക്കുന്ന ഗ്രന്ഥങ്ങളിൽ സാധാരണ പറയാത്ത ഒരു സംഗതി പറയാനുണ്ട്. അതായത്, അന്യനാട്ടിൽ ചെന്ന് അറ്റമില്ലാത്ത ആൾക്കൂട്ടത്തിൽ ചേർന്ന് എങ്ങനെയാണ് സ്വീകാര്യമായ ഹജ്ജ് ചെയ്യുക എന്ന കാര്യത്തിൽ ബേജാറാകരുത്; ഒരു കാരണവശാലും. താൻ ക്ഷണിച്ചിട്ടുള്ള മുഴുവൻ അതിഥികളെയും സ്വീകരിക്കാനും സൽക്കരിക്കാനും കഴിവുള്ളവനായ അല്ലാഹുവാണ് നിങ്ങളെ വിളിച്ചിട്ടുള്ളത്. തന്റെയടുത്തേക്ക് ഓടിവരാനും (ഖുർആൻ-3:133) മത്സരിച്ച് ചെല്ലാനും (57:21) അവൻ ആവശ്യപ്പെട്ടിരിക്കുന്നു. അവന്റെ കാരുണ്യത്തെക്കുറിച്ച് നിരാശപ്പെടരുതെന്ന് (39:53) പ്രത്യേകിച്ച് പറഞ്ഞിട്ടുമുണ്ട്. മാത്രമല്ല, അവനെക്കുറിച്ചുള്ള മതിപ്പിന്റെയും ശുഭാപ്തിയുടെയും അടിസ്ഥാനത്തിലാണ് അവൻ നമുക്ക് പ്രതിഫലം തരുന്നതുപോലും. അതിനാൽ തന്നെ അവൻ നമുക്കു ചെയ്യാൻ കഴിയുന്നതേ നമ്മുടെമേൽ നിർബന്ധമാക്കിയിട്ടുള്ളൂ. കഴിയുന്നത്ര തഖ് വയുള്ളവരാകാനാണ് പറഞ്ഞിട്ടുള്ളതും (64:16).
• ഒന്നാലോചിച്ചുനോക്കൂ, മറ്റേതൊരു ദീർഘയാത്രയിലും സംഭവിക്കാവുന്നതും പ്രതീക്ഷിക്കാവുന്നതും മാത്രമേ ഹജ്ജ് യാത്രയിലും സംഭവിക്കുകയുള്ളൂ; പ്രതീക്ഷിക്കേണ്ടതുള്ളൂ. മക്കയിലും ഹജ്ജുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളിലും ആൾക്കൂട്ടം കൊണ്ടുണ്ടാകാവുന്ന പ്രശ്നങ്ങളേ ഉണ്ടാവുകയുള്ളൂ. പിന്നെ നമ്മുടെ വിവരക്കേടും ബേജാറും കൊണ്ട് ഉണ്ടാകുന്നതും. ഇന്നാലിന്ന സ്ഥലത്തും സമയത്തും ഇന്നാലിന്ന് പ്രാർഥന മനഃപാഠം ഓർമിച്ച് ചൊല്ലിയില്ലെങ്കിൽ നഷ്ടപ്പെട്ടുപോകുന്ന ഒരു ഇബാദത്തേ അല്ല ഹജ്ജ്. ഉദാഹരണമായി, ഫാതിഹ ഓതാത്തവന് നമസ്കാരമില്ലല്ലോ.
– 40 അടി നീളവും 38 അടി വീതിയും 50 അടി ഉയരവുമുള്ള ക്യുബിക്കായ ഒരു ചതുരക്കെട്ടിടത്തിനു ചുറ്റും തിരക്കനുസരിച്ച് അടുത്തോ അകന്നോ ഏഴു തവണ ചുറ്റിനടക്കാനാണോ ഭയപ്പെടുന്നത് മൂന്നാമത്തെ മൂല തിരിഞ്ഞാൽ നാലാമത്തേതിലെത്തുന്നതു വരെ (ഞങ്ങ ളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങൾക്ക് നീ നന്മ നൽകണമേ; പരലോകത്തും നന്മതന്നെ നൽകേണമേ; നരകശിക്ഷയിൽനിന്ന് ഞങ്ങളെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ) എന്നുള്ള പ്രാർഥന അറിയുമെങ്കിൽ ചൊല്ലുക സുന്നത്ത് മാത്രമാണ്.
– അതുകഴിഞ്ഞിട്ടുള്ള സഅ് യും അങ്ങനെത്തന്നെ. 450 മീറ്റർ നീളമുള്ള മാർബിൾ പതിച്ചിട്ടുള്ള തണലും തണുപ്പുമുള്ള ഒരു ഹാളിന്റെ താഴത്തെയോ മേലത്തെയോ നിലയിലൂടെ അങ്ങോട്ടുമിങ്ങോട്ടുമായി മൊത്തം ഏഴു തവണ നടക്കാനാണോ സാധിക്കാത്തത്? (തീരെ അവശരായവർക്ക് വെറുതെയും കൂലിക്കും ലഭ്യമായ വീൽചെയറുകൾ ഉപയോഗിക്കുകയുമാവാം)
– മിനായിലെ മൂന്നോ നാലോ ദിവസത്തെ കല്ലേറിന്റെ കാര്യവും അങ്ങനെത്തന്നെ. ഏറ്റവും ശ്രേഷ്ഠമായ സമയം നോക്കി എറിയാൻ പോകുന്നത് കവിഞ്ഞാൽ സുന്നത്തായിരിക്കാം; എന്നാൽ അന്യരെ തിരക്കുന്നതും അപകടത്തിന് കാരണമാകുന്നതും ഹറാമാകുന്നു. ഹജ്ജിൽ പൊതുവെത്തന്നെ ഏതെങ്കിലും ഒരു മദ്ഹബിന്റെയോ പണ്ഡിതന്റെയോ കിതാബിലെയോ കടുംപിടിത്തങ്ങൾക്ക് വഴങ്ങാതിരിക്കണം. ഇസ്ലാമിക കർമശാസ്ത്രത്തിലെ വിശാലതകൾ ഉപയോഗപ്പെടുത്തുക.
– ഹജ്ജിന്റെ കാതലിന്റെ കാതൽ എന്നുപറയാവുന്ന അറഫയിലും നിന്നും ഇരുന്നും കിടന്നും അല്ലാഹുവിനോട് പ്രാർഥിക്കുകയും ദിക്ക് റുകളിലും ഖുർആൻ പാരായണത്തിലും മുഴുകുകയുമല്ലാതെ മറ്റെന്താണ് ഒരു പണിയായിട്ട് ചെയ്യാനുള്ളത്? അതിഥികളെ ക്കൊണ്ട് അല്ലാഹു പണിയെടുപ്പിക്കുകയോ?
– ഹജ്ജിന് പുറപ്പെടുന്ന സഹോദരിമാർ ആർത്തവത്തെക്കു റിച്ച് ആശങ്കാകുലരാകരുത്. അതിന്റെ ആവശ്യമില്ല. പ്രവാചകപത്നി ആഇശ (റ) ഹജ്ജിനു വന്നപ്പോൾ ആർത്തവമുണ്ടായി. അബൂബക്ർ സ്വിദ്ദീഖിന്റെ ഭാര്യ അസ്മാഅ് മീഖാത്തിൽ വെച്ച് പ്രസവിക്കുകയാണുണ്ടായത് (“പത്തും തികഞ്ഞ ഒരു പെണ്ണ് ഒട്ടക പുറത്ത് ഹജ്ജിന് പുറപ്പെട്ടിരിക്കുന്നു!). ഇസ്ലാമിക ശരീഅത്ത് വളരെ വിശാലമായതിനാൽ അതേക്കുറിച്ച് അസ്വസ്ഥരാകാതിരിക്കുക. ആർത്തവകാരികൾക്ക് ത്വവാഫ് ഒഴികെയുള്ളതെല്ലാം ചെയ്യാം. മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാനോ ത്വവാഫ് ചെയ്യാനോ പാടില്ല എന്നേയുള്ളൂ. ത്വവാഫിനു ശേഷമായതുകൊണ്ട് സഅ് യും നീട്ടിവെക്കേണ്ടിവരും. എന്നാൽ ശുദ്ധിയാകുന്നതുവരെ കാത്തു നിൽക്കാൻ കഴിയാതെ മക്ക വിട്ടുപോകേണ്ട നിർബന്ധ സാഹചര്യമാണെങ്കിൽ രക്തം താഴോട്ട് ഒഴുകാതിരിക്കാൻ ഭദ്രമായി കെട്ടിവെച്ച് വുദൂവെടുത്ത് ത്വവാഫ് ചെയ്യാമെന്ന് ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ശിഷ്യൻ ഇബ്നുൽ ഖയ്യിം എന്നിവർ മുതൽ ഡോക്ടർ യൂസുഫുൽ ഖറദാവി വരെയുള്ളവർ ഫത് വ നൽകിയിട്ടുണ്ട്. ഹജ്ജിലെ നിർബന്ധ ത്വവാഫിനെക്കുറിച്ചാണ് പറയുന്നത്. വിട ചൊല്ലുന്നതിനുള്ള വിദാഇന്റെ ത്വവാഫ് ആർത്തവകാരികൾക്ക് ഒഴിവാക്കാൻ അനുവാദമുണ്ട്. രണ്ടു കാര്യത്തിലും എന്തെങ്കിലും പ്രായശ്ചിത്തം ചെയ്യുകയോ കൊടുക്കുകയോ വേണ്ടതില്ല (ഡോക്ടറു മായി ആലോചിച്ച് പ്രതികൂലമായ പാർശ്വഫലങ്ങൾ ഉണ്ടാവുകയില്ല എന്നുറപ്പുവരുത്തിയ ശേഷം ആർത്തവം നീട്ടിവെക്കാൻ സഹായക മായ മരുന്നുകൾ ഉപയോഗിക്കാവുന്നതാണ്).
– ഹജ്ജ് സംബന്ധമായി വല്ല കാര്യത്തിലും ബേജാറാകേണ്ടതുണ്ടെങ്കിൽ അത് നമ്മുടെ ഉദ്ദേശ്യശുദ്ധി, ആത്മാർഥത, പരലോക ചിന്ത, പടപ്പുകളോടുള്ള പെരുമാറ്റം തുടങ്ങിയവയിൽ മാത്രമാണ്. ഹജ്ജിന്റെ ആത്മാവിനെയും ചൈതന്യത്തെയും കുറിച്ച് പഠിച്ച് മനസ്സിലാക്കി ബോധവാനാവുകയും ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോവുകയുമാണ് വേണ്ടത്. അതിന് സഹായകമായ ചില സൂചനകളിതാ:
– ശരീരത്തിനാവശ്യമായതുപോലെ ആത്മാവിനും ആഹാരം ആവശ്യമാണ്. ആത്മാവിന്റെ ആഹാരം ആരാധനകളാകുന്നു. ശരീരാഹാരം ഉൽപാദിപ്പിക്കുന്ന വിവിധതരം കൃഷികളും അവക്ക് സ്ഥല കാലാവസ്ഥകളും ഉണ്ടല്ലോ. കേരം തിങ്ങി വളരുന്ന കേരളത്തിൽ ഗോതമ്പ് ഉണ്ടാകുന്നില്ല. അത് വിളയുന്നത് അങ്ങ് പഞ്ചാബിലാണ്. കൃഷികൾ വിളവ് തരുന്നത് വിവിധ സമയങ്ങളിലാണ്. മറ്റു ആരാധനകളെ അപേക്ഷിച്ച് വളരെയേറെ സ്ഥലബന്ധിതമാണ് ഹജ്ജ്. മക്ക, മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലാണ് അത് കൃഷി ചെയ്യുന്നത്. പരമവും പൂർണവുമായ വിളവെടുപ്പ് പരലോകത്തുവെച്ചാണ്. സാധാരണ കൃഷി പോലെത്തന്നെ നൽകുന്ന ശുശ്രൂഷയും വെള്ളവും വളവും അനുസരിച്ചാണ് ഹജ്ജ് വിളയുടെ മേനിയും നാളെ 100 മേനി വിളയണമെങ്കിൽ വളരെ നേരത്തേതന്നെ ഗുണമേന്മയുള്ള വിത്തുൽപാദിപ്പിക്കുന്നതിനും മറ്റും കാലേക്കൂട്ടി ഒരുങ്ങേണ്ടതുണ്ട്. അത്തരത്തിലുള്ള ഒരുക്കത്തെക്കുറിച്ചാണ് ഉത്തമമായ പാഥേയം (ഖൈറുസ്സാദ്) എന്ന് ഖുർആൻ പറഞ്ഞിട്ടുള്ളത്. മറ്റെല്ലാ ഒരുക്കങ്ങളും ഒന്നാലോചിച്ചാൽ ഏറക്കുറെ ഏത് ദൂരയാത്രക്കും വേണ്ടതുതന്നെ.
– എല്ലാറ്റിനും ഉദ്ദേശ്യവും ഉദ്ദേശ്യത്തിന് ശുദ്ധിയും വേണ്ടതാണെങ്കിലും ഹജ്ജിനത് പ്രത്യേകിച്ച് വേണം. ഹജ്ജ് എന്ന വാക്കിന്റെ അർഥം തന്നെ “ഉദ്ദേശിക്കുക’ എന്നാകുന്നു. കൂടാതെ ധാരാളം പണം ചെലവഴിച്ച് വളരെ പേരുടെ മുമ്പിൽ വെച്ച് ചെയ്യുന്നതായതിനാൽ പൊങ്ങച്ചവും പ്രകടനാത്മകതയും ഉണ്ടാവാൻ സാധ്യതയുണ്ട്. ആത്മാവ് ഉൾക്കൊണ്ടില്ലെങ്കിൽ വളരെ വേഗം ചേതനയറ്റ ചടങ്ങുകളാകാനും എളുപ്പമുണ്ട്. പ്രവാചക(സ)ന്റെ കാലമായപ്പോഴേക്കും ഹജ്ജ് അത്തരം ആചാരങ്ങളും ചടങ്ങുകളുമായി മാറിയതിന്റെ മൂന്ന് ഉദാഹരണങ്ങൾ ഖുർആൻ നൽകിയിട്ടു ണ്ട്
– “നിങ്ങൾ വീടുകളിൽ പിൻഭാഗത്തുകൂടെ പ്രവേശിക്കുന്നതല്ല പുണ്യം; ഭക്തിയുള്ളവന്റെ പുണ്യമാകുന്നു യഥാർഥ പുണ്യം അതിനാൽ വീടുകളിൽ മുൻവാതിലുകളിലൂടെ തന്നെ പ്രവേശിക്കുക; നിങ്ങൾ ഭക്തിയുള്ളവരായിരിക്കുക; എന്നാൽ നിങ്ങൾക്ക് വിജയിക്കാം” (2:189).
– “നിങ്ങൾ യാത്രക്കാവശ്യമായ പാഥേയം കരുതുക; ഏറ്റവും ഉത്തമമായ പാഥേയം ഭക്തിതന്നെ. ബുദ്ധിമാന്മാരേ, നിങ്ങൾ എന്നോട് ഭക്തിയുള്ളവരാകുവിൻ” (2:197).
– “ബലിമൃഗങ്ങളുടെ മാംസമോ രക്തമോ അല്ലാഹുവിലേക്ക് ഒരിക്കലും എത്തുകയില്ല; എന്നാൽ നിങ്ങളിൽനിന്നുള്ള ഭക്തി അവങ്കലേക്ക് എത്തുകതന്നെ ചെയ്യും” (22:37).
– ഹജ്ജിൽ പ്രവേശിച്ചാൽ സ്വന്തം വീട്ടിലേക്ക് പ്രവേശിക്കുന്നത് പിൻവാതിലിലൂടെ ആയിരിക്കുക, ഹജ്ജിന് വെറും കൈയോടെ ഭിക്ഷാടനം നടത്തിവരിക, ബലിമൃഗങ്ങളുടെ മാംസവും രക്തവും കഅ്ബയുടെ പരിസരത്തിടുകയും ചുമരിൽ തേക്കുകയും ചെയ്യുക തുടങ്ങി അന്ന് നിലവിലുണ്ടായിരുന്ന ദുരാചാരങ്ങളാണ് മുകളിൽ സൂചിപ്പിച്ചിരിക്കുന്നത്. അവയെ നിരാകരിച്ചുകൊണ്ടും ബദൽ സംവിധാനമെന്ന നിലയിലും ഖുർആൻ ഉന്നയിക്കുന്നത് ഭക്തി, ഭക്തി, ഭക്തി എന്നാണെന്ന് പ്രസ്തുത സൂക്തങ്ങളിലൂടെ കണ്ണോടിച്ചാൽ കാണാവുന്നതാണ്.
– വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോൾ ആദ്യമായി ഹജ്ജിനെക്കുറിച്ച് പരാമർശിക്കുന്ന 2:189 മുതൽ 2 :203 വരെയുള്ള ആയത്തുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി ഹജ്ജ് ആദ്യന്തം തഖ് വ ഉണ്ടായിരിക്കാനുള്ളതാണ് എന്ന് ബോധ്യപ്പെടാൻ നിങ്ങൾക്ക് തഖ് വയുണ്ടായിരിക്കണം (ഇത്തഖൂ) എന്ന കൽപന മാത്രം എത്ര തവണയാണ് ആവർത്തിച്ചിരിക്കുന്നത്! ഉദാഹരണ മായി:
– “നിങ്ങൾ അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക്കുക; നിങ്ങളറിയണം, നിശ്ചയം അല്ലാഹു ഭക്തിയുള്ളവരോടൊപ്പമാകുന്നു” (2:194).
– “നിങ്ങൾ അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക്കുക; നിങ്ങളറിയണം, നിശ്ചയം അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു” (2:196).
– “നിങ്ങൾ അല്ലാഹുവിനോട് ഭക്തിയുള്ളവരായിരിക്കുക; നിങ്ങളറിയണം, നിശ്ചയം നിങ്ങളെല്ലാം അവങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവരാകുന്നു’ (2:203).
– ദീർഘയാത്ര ആവശ്യമായ അകലത്തിലുള്ള ഒരു മഹൽ വ്യക്തിത്വത്തെ കാണാനോ അല്ലെങ്കിൽ ഒരു കല്യാണത്തിൽ സംബന്ധിക്കാനോ ചെന്നാൽ ദീർഘയാത്ര ചെയ്ത അതേ വേഷത്തിൽ അങ്ങോട്ട് കയറിച്ചെല്ലുകയില്ലല്ലോ. വൃത്തിയായി അനുയോജ്യമായ വസ്ത്രം ധരിക്കുകയില്ലേ? അല്ലാഹുവിന്റെ അതിഥിയായി അവന്റെ വീട്ടിലേക്ക് ചെല്ലുമ്പോഴല്ലേ അത് കൂടുതൽ വേണ്ടത്? ഇങ്ങനെയൊന്ന് ഫ്രഷ്അപ് ആകുന്നതിനാണ് ഇഹ്റാം ചെയ്യുക എന്നു പറയുന്നത്. അത് ചെയ്യുന്ന സ്ഥലത്തിന് ‘മീഖാത്ത്’ എന്നും,
– അല്ലാഹുവിന്റെ അനുമതിയോടെ മൂസാ നബി(അ) തന്റെ വടി താഴെയിട്ടാൽ പാമ്പായി മാറുമായിരുന്നല്ലോ. അദ്ദേഹത്തെ എതിരിട്ട ഏകാധിപതിയായ ഭരണാധികാരി ഫിർഔൻ അത് ജാല വിദ്യയാണെന്ന് വാദിക്കുകയും തെളിയിക്കാനായി ഒരു വമ്പിച്ച മത്സരം സംഘടിപ്പിക്കുകയും ചെയ്തു. തീയതിയും സ്ഥലവും സമയവും നിശ്ചയിച്ചു. അങ്ങനെ ആഭിചാരകന്മാരെല്ലാം ആ സ്ഥലത്തും സമയത്തും ഒരുമിച്ചു കൂടിയപ്പോൾ അതേക്കുറിച്ച് വിശുദ്ധ ഖുർആൻ പറഞ്ഞത്. അവർ മീഖാത്തിൽ ഒരുമിച്ചുകൂട്ടപ്പെട്ടു’ (26:38) എന്നാണ്. ഒരു പ്രത്യേക സംഗതിക്കു വേണ്ടി നിശ്ചയിക്കപ്പെട്ട സ്ഥലവും സമയവും ആണ് ഭാഷാപരമായി മീഖാത്ത് എന്നാൽ അതേ ഭാഷ ഉപയോഗിച്ച് ഖുർആൻ പറയുന്നത് നോക്കു “മുൻഗാമികളും പിൻഗാമികളും ഒരു നിർണിത നാളിലെ മീഖാത്തിൽ ഒരുമിച്ചുകൂട്ടപ്പെടും” (56:50). “വിധിതീർപ്പിന്റെ നാളാണ് അവരുടെയെല്ലാം മീഖാത്ത്” (44:40), “നിശ്ചയമായും വിധിതീർപ്പുനാൾ ആകുന്നു മീഖാത്ത്” (78:17) എന്നും കൂടെ പറഞ്ഞിട്ടുണ്ട്. പരലോക മീഖാത്തിനെ ഓർമിപ്പിച്ചുകൊണ്ടാണ് ഹജ്ജ് ആരംഭിക്കുന്നതു തന്നെ എന്നത് അടിവരയിട്ട് മനസ്സിലാക്കേണ്ടതാണ്: “നിങ്ങളറിയണം, നിശ്ചയം നിങ്ങളെല്ലാം അവങ്കലേക്ക് ഒരുമിച്ചുകൂട്ടപ്പെടുന്നവരാകുന്നു” (2:203)
– മീഖാത്തിൽ വെച്ച് അണിഞ്ഞൊരുങ്ങുന്നതിനാണ് ഇഹ്റാം എന്നു പറയുന്നത്. ഇഹ്റാം മീഖാത്തിൽ മാത്രമല്ല നമ്മുടെ നാട്ടിലും ഉള്ളതാണ്. നമസ്കാരം തുടങ്ങുമ്പോൾ ആദ്യം ചൊല്ലുന്ന തക്ബീറിന് തക്ബീറത്തുൽ ഇഹ്റാം’ (ഇഹ്റാമിന്റെ തക്ബീർ എന്നാണല്ലോ പേര്. നമസ്കാരത്തിൽ പ്രവേശിച്ചാൽ അത് കഴിയുന്നതുവരേക്കും വുദൂ മുറിയാൻ പാടില്ല, അല്ലാഹുവിനോടല്ലാതെ മറ്റാരോടും സംസാരിക്കാൻ പാടില്ല, തിരിഞ്ഞുനോക്കാനോ ഇളകാനോ പാടില്ല തുടങ്ങി കുറേ നിരോധങ്ങൾ ഉണ്ടല്ലോ. ഈ അവസ്ഥക്കാണ് ഇഹ്റാം എന്നു പറയുന്നത്. ഹജ്ജിലും ഉംറയിലും കൂടി ഇത്തരം ഒരവസ്ഥയുണ്ട്. അതിൽ പ്രവേശിച്ചാൽ അതു കഴിയുന്നതുവരേക്കുള്ള അരുതുകളോട് കൂടിയ ഒരവസ്ഥ. അതിനാണ് ഇഹ്റാമിൽ ആയിരിക്കുക എന്ന് പറയുന്നത്.
– നമസ്കാരത്തിൽ പ്രവേശിക്കുമ്പോൾ അല്ലാഹു അക്ബർ പറയുന്നതിന് തക്ബീറത്തുൽ ഇഹ്റാം എന്നു പറയുന്നതുപോലെ ഹജ്ജിലോ ഉംറയിലോ പ്രവേശിക്കുമ്പോൾ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക എന്ന് പറയുന്നതിന് തൽബിയത്തുൽ ഇഹ്റാം’ എന്നു പറയുന്നു. ഇസ്ലാമിൽ ഹജ്ജ് നിർബന്ധമായതിനുശേഷം അന്ത്യ പ്രവാചകൻ ചെയ്ത ഒരേയൊരു ഹജ്ജിൽ അറഫയിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ ഒരു സ്വഹാബി ഒട്ടകപ്പുറത്തുനിന്ന് വീണ് കഴുത്തൊടിഞ്ഞ് തൽക്ഷണം മരിച്ചു. അപ്പോൾ നബി(സ) പറഞ്ഞു: “അദ്ദേഹത്തെ അതേ വേഷത്തിൽ തന്നെ തല മറയ്ക്കുകയോ മൂന്നാമതൊരു തുണി ഉപയോഗിക്കുകയോ ചെയ്യാതെ മറമാടുക, അദ്ദേഹം നാളെ അല്ലാഹുവിന്റെ മുമ്പിൽ അതേ വസ്ത്രത്തിൽ തൽബിയത്ത് ചൊല്ലിക്കൊണ്ട് ഹാജരാകും’. ഹജ്ജിനു പോകുന്ന എല്ലാവർക്കും അല്ലാഹു ആരോഗ്യവും ദീർഘായുസ്സും തരട്ടെ എന്ന് പ്രാർഥിക്കുന്നതോടൊപ്പം ഒരാളുടെ മരണവിധി വരുന്നത് ഇഹ്റാമിലായിരിക്കെയാണെങ്കിൽ അയാളുടെ കഫൻ തുണി അയാൾ തന്നെ ചുറ്റിയതാവില്ലേ? അതോർത്താൽ കൈ വിറക്കാതെയും കണ്ഠമിടറാതെയും അതണിയാൻ കഴിയുമോ? അലിയ്യബ്നുൽ ഹുസൈൻ (റ) ഇഹ്റാം ചെയ്ത് തൽബിയത്ത് ചൊല്ലാനൊരുങ്ങിയപ്പോൾ അതിന് സാധിച്ചില്ലെന്നു മാത്രമല്ല, അബോധാവസ്ഥയുടെ അടുത്തുവരെ എത്തുകയുണ്ടായി. യാത്ര അയക്കാൻ കൂടിനിന്നവർ കാര്യം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ ലബ്ബൈക്ക എന്നു പറയുമ്പോൾ അല്ലാഹുവിന്റെ മലക്കുകളെ ങ്ങാനും “ലാ ലബ്ബൈക്ക’ (നിനക്കവിടെ സ്വാഗതമില്ല) എന്ന് പറയുന്നുണ്ടെങ്കിലോ എന്നോർത്തുപോയതാണ്”. മരണം മുതൽ പരലോകത്തെ ഉയിർത്തെഴുന്നേൽപുവരെയുള്ള രംഗങ്ങൾ ഓർമിപ്പിക്കുന്നതാണ് മീഖാത്ത്.
🪀 കൂടുതല്‍ വായനക്ക് 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL